തെരേസ മേയ് വിഡ്ഢിയായ പ്രധാനമന്ത്രി, രാജിവച്ച് ഒഴിയുന്നതാണ് നല്ലത് ; ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ കൈകാര്യം ചെയ്ത് വഷളാക്കിയെന്ന് ട്രംപ്

തെരേസ മേയ് വിഡ്ഢിയായ പ്രധാനമന്ത്രി, രാജിവച്ച് ഒഴിയുന്നതാണ് നല്ലത് ; ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ കൈകാര്യം ചെയ്ത് വഷളാക്കിയെന്ന് ട്രംപ്
ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയെ വിഡ്ഢി എന്ന് വിളിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേയ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നത് നല്ല കാര്യമാണെന്നും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അവര്‍ കൈകാര്യം ചെയ്തു വഷളാക്കിയെന്നും ട്രംപ് ആരോപിച്ചു. ട്രംപിനെതിരെ യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ഡറോച്ചിന്റെതായി പുറത്തു വന്ന ഇമെയില്‍ സന്ദേശമാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്. ട്രംപ് കഴിവുകെട്ടവനാണെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ ആകെ അരാജകത്വമാണെന്നുമാണ് ഇമെയിലിന്റെ ഉള്ളടക്കം. അതോടെ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂകഷമായി. യു.കെയുമായി ട്രംപിന്റെ വാണിജ്യ സെക്രട്ടറി നടത്താനിരുന്ന വ്യാപാര ചര്‍ച്ചകള്‍ ഈ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു.

ഡറോച്ചുമായി സഹകരിച്ച് ഒരു ഇടപാടുകള്‍ക്കും താനിനി തയ്യാറാകില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് വട്ടാണെന്നും മന്ദബുദ്ധിയാണെന്നുമുള്ള രൂക്ഷ പരാമര്‍ശങ്ങളാണ് ട്രംപ് ട്വിറ്ററിലൂടെ നടത്തിയത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയുമായ ജെറമി ഹണ്ട്, ട്രംപിന്റെ ഭാഷയെ 'അനാദരവും, തെറ്റുമാണെന്നും' വിശേഷിപ്പിച്ചുകൊണ്ട് പ്രതികരിച്ചതോടെ വിവാദം കൂടുതല്‍ രൂക്ഷമായി. ഡറോച്ചിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം താന്‍ പ്രാധാനമന്ത്രിയായാല്‍ അദ്ദേഹം തല്‍സ്ഥാനത്തുതന്നെ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്റെ അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറിയായ ലിയാം ഫോക്‌സുമൊത്ത് ഡറോച്ചും കഴിഞ്ഞ ദിവസം വൈറ്റ് ഹൌസില്‍ നടന്ന മീറ്റിംഗില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ഡറോച്ചിന് ക്ഷണം ലഭിച്ചില്ല. കൂടിക്കാഴ്ചയില്‍ വിവാദ വിഷയങ്ങളൊന്നും പരാമര്‍ശിക്കാതെയും ഖേദം രേഖപ്പെടുത്താതെയുമാണ് ഫോക്‌സ് സംസാരിച്ചത്. അതോടെ, അതിനു ശേഷം നടക്കേണ്ടിയിരുന്ന വാണിജ്യ ചര്‍ച്ചകളില്‍നിന്നും അമേരിക്ക പിന്‍വാങ്ങി. ചര്‍ച്ച റദ്ദാക്കിയതിനെ വിമര്‍ശിച്ച് വീണ്ടും ബ്രിട്ടണ്‍ രംഗത്തെത്തി. ഇരു രാജ്യങ്ങള്‍ക്കും അനുയോജ്യമായ മറ്റൊരു സമയം കണ്ടെത്തി കൂടിക്കാഴ്ച നടത്തുമെന്ന് യു. എസ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

Other News in this category



4malayalees Recommends