യുവാവിനെ കൊന്ന് ചതുപ്പില്‍ കെട്ടി താഴ്ത്തിയ സംഭവം ; കൊലയ്ക്ക് പിന്നില്‍ ലഹരിമാഫിയയെന്ന് സംശയം

യുവാവിനെ കൊന്ന് ചതുപ്പില്‍ കെട്ടി താഴ്ത്തിയ സംഭവം ; കൊലയ്ക്ക് പിന്നില്‍ ലഹരിമാഫിയയെന്ന് സംശയം
എറണാകുളം നെട്ടൂരില്‍ യുവാവിന്റെ കൊലപാതകത്തിനു പിന്നില്‍ ലഹരി മാഫിയയെന്ന് സംശയം. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് മരിച്ച അര്‍ജുനോടുള്ള പകയും കൊലപാതകത്തിന് കാരണമായെന്ന് സംശയമുണ്ട്.

കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകന്‍ അര്‍ജുന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. നെട്ടൂര്‍ മേല്‍പ്പാലത്തിനു വടക്ക് ഭാഗത്ത് ഒരു കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിന് പടിഞ്ഞാറു ഭാഗത്തായി ആള്‍ താമസമില്ലാത്ത കണിയാച്ചാല്‍ ഭാഗത്ത് കുറ്റിക്കാടിനുള്ളിലെ ചെളിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ച മുമ്പാണ് അര്‍ജുനെ കാണാതായതായി പനങ്ങാട് പോലീസിന് പരാതി ലഭിച്ചത്. എന്നാല്‍, പോലീസ് വേണ്ടത്ര ഗൗരവത്തില്‍ കേസന്വേഷണം നടത്തിയില്ല എന്ന് വ്യാപകമായി പരാതിയും ഉയര്‍ന്നിരുന്നു.

അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി കാണാതായതായി കാട്ടിയ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, പനങ്ങാട് പോലീസ് ഇവരെ വിളിച്ച് ചോദ്യം ചെയ്ത് വിടുകയാണുണ്ടായത്. ബുധനാഴ്ച അര്‍ജുന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഇതോടെ ജനപ്രതിനിധികളും മറ്റും ഇടപെട്ടതിനെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് കേസ് അന്വേഷണം ആരംഭിക്കുകയും പനങ്ങാട് പോലീസ് ഈ സംഘത്തെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് യുവാവിന്റെ നാല് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കസ്റ്റഡിയിലുള്ള നാലു പേരും സമപ്രായക്കാരും അര്‍ജുന്റെ കൂട്ടുകാരുമാണ്. കൃത്യം നടത്തിയെന്നു കരുതുന്നവരില്‍ ഒരാളുടെ സഹോദരന്‍ അര്‍ജുനുമൊത്തു പോകുമ്പോള്‍ കളമശേരിയില്‍ വച്ച് ഒരു വര്‍ഷം മുന്‍പ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു. ഇത് അപകടമരണം അല്ലെന്നും അര്‍ജുനെയും ഇതേ രീതിയില്‍ വധിക്കുമെന്നും ഇയാള്‍ പറഞ്ഞതായി അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നു. അര്‍ജുനുമായി അടുത്ത കാലത്ത് സൗഹൃദത്തിലായ ഇയാള്‍ 2നു രാത്രി മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അര്‍ജുനെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നത്രേ. നെട്ടൂരില്‍ എത്തിച്ച ശേഷം മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തുകയായിരുന്നെന്നാണു സൂചന.

Other News in this category4malayalees Recommends