ഗാത്വിക് എയര്‍പോര്‍ട്ടിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ കുളമായി; നിരവധി വിമാനങ്ങള്‍ റദ്ദാക്കി; ആയിരക്കണക്കിന് യാത്രക്കാര്‍ നരകയാതനയില്‍ കാത്ത് നിന്നത് മണിക്കൂറുകള്‍; ക്ഷമാപണവുമായി എയര്‍പോര്‍ട്ടും സ്വകാര്യ എയര്‍ട്രാഫിക്ക് പ്രൊവൈഡറും

ഗാത്വിക് എയര്‍പോര്‍ട്ടിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ കുളമായി; നിരവധി വിമാനങ്ങള്‍ റദ്ദാക്കി; ആയിരക്കണക്കിന് യാത്രക്കാര്‍ നരകയാതനയില്‍ കാത്ത് നിന്നത് മണിക്കൂറുകള്‍; ക്ഷമാപണവുമായി എയര്‍പോര്‍ട്ടും സ്വകാര്യ എയര്‍ട്രാഫിക്ക് പ്രൊവൈഡറും
ലണ്ടനിലെ രണ്ടാമത്തെ വലിയ എയര്‍പോര്‍ട്ടായ ഗാത്വിക്കില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ സംവിധാനം താറുമാറായി. തല്‍ഫലമായി ഇവിടെ നിന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഇതിന് പുറമെ ഇവിടെ ഇറങ്ങേണ്ടിയിരുന്ന അനേകം വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിച്ച് വിടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ പ്രശ്‌നം മൂലം ആയിരക്കണക്കിന് യാത്രക്കാര്‍ നരകയാതന അനുഭവിച്ച് കൊണ്ട് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുകയും ചെയ്തു.

ഇന്നലെ വൈകുന്നേരം അഞ്ച് മുതല്‍ ഈ എയര്‍പോര്‍ട്ടിലെ മുഴുവന്‍ വിമാനങ്ങളും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആറ് മണിയോടെ എയര്‍പോര്‍ട്ടില്‍ ഒരു ഗോള്‍ഡ് എമര്‍ജന്‍സി അനൗണ്‍സ് ചെയ്തിരുന്നു. തങ്ങള്‍ നേരിട്ട കടുത്ത ബുദ്ധിമുട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും രേഖപ്പെടുത്തി നിരവധി യാത്രക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിസന്ധിയെ തുടര്‍ന്ന് എല്ലാ വിമാനങ്ങളും വൈകുമെന്ന അറിയിപ്പ് ഡിപ്പാര്‍ച്ചര്‍ ബോര്‍ഡുകളില്‍ ഉയര്‍ത്തിയിരുന്നു.

ചില വിമാനങ്ങള്‍ മൂന്ന് മണിക്കൂര്‍ വരെയാണ് സമയം വൈകല്‍ നേരിട്ടത്. അനേകം യാത്രക്കാര്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളില്‍ കാത്തിരുന്ന് മടുത്തിരുന്നു. ഇവിടെ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന അനേകം വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചതിനാല്‍ അനേകം നിരവധി യാത്രക്കാരാണ് ലക്ഷ്യത്തിലെത്താനായി മണിക്കൂറുകളോളം അധികദുരം യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ടത്. ഇന്നലെ രാത്രി ഏഴര വരെയുള്ള കണക്കുകള്‍ പ്രകാരം 26 വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും എട്ടെണ്ണം സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.

വേനല്‍ക്കാലത്ത് യാത്രക്കാരുടെ തിരക്ക് കൂടിയ സമയത്താണ് ഈ പ്രശ്‌നമുണ്ടായതെന്നതിനാല്‍ കഷ്ടപ്പാടേറെയായിരുന്നു. നിരവധി യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ പശ്ചാത്താപം രേഖപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍ രംഗത്തെത്തിയിരുന്നു. പ്രതിസന്ധിക്ക് അറുതി വരുത്താന്‍ തങ്ങളുടെ എയര്‍ട്രാഫിക്ക് പ്രൊവൈഡറായ എയര്‍നാവിഗേഷന്‍ സൊല്യൂഷന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും എയര്‍പോര്‍ട്ട് ഉറപ്പേകിയിരുന്നു.

യാത്രക്കാര്‍ക്കുണ്ടായ നരകയാതനയില്‍ മാപ്പ് ചോദിച്ച് ഇവിടുത്തെ സ്വകാര്യ എയര്‍ട്രാഫിക്ക് പ്രൊവൈഡറായ എയര്‍ നാവിഗേഷന്‍ സൊല്യൂഷന്‍സും മുന്നോട്ട് വന്നിരുന്നു. തങ്ങളുടെ ഒരു എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തിലുണ്ടായ പ്രശ്‌നമാണ് ഈ ബുദ്ധിമുട്ടുണ്ടാക്കിയതെന്ന് കമ്പനി ട്വിറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാം സാധാരണനിലയിലാക്കാനായെന്നും കമ്പനി അവകാശപ്പെടുന്നു. ഗാത്വിക്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പുത്തരിയല്ല. സമീപകാലത്ത് സ്വകാര്യ ഡ്രോണ്‍ റണ്‍വേയ്ക്കടുത്തെത്തിയതിനെ തുടര്‍ന്ന് ഇവിടെ നിരവധി നേരം വിമാനങ്ങള്‍ മുടങ്ങിയിരുന്നു.

Other News in this category4malayalees Recommends