നെട്ടൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം കൊലപാതകം ; സുഹൃത്തുക്കളായ അഞ്ചുപേര്‍ ചേര്‍ന്ന് മൃതദേഹം ഒളിപ്പിച്ചത് ദൃശ്യം മോഡലില്‍ ; തെരുവു നായയെ തല്ലിക്കൊന്നു മൃതദേഹം കുഴിച്ചിട്ടതിന് അരികിലിട്ടു

നെട്ടൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം കൊലപാതകം ; സുഹൃത്തുക്കളായ അഞ്ചുപേര്‍ ചേര്‍ന്ന് മൃതദേഹം ഒളിപ്പിച്ചത് ദൃശ്യം മോഡലില്‍ ; തെരുവു നായയെ തല്ലിക്കൊന്നു മൃതദേഹം കുഴിച്ചിട്ടതിന് അരികിലിട്ടു
പക തീര്‍ക്കാന്‍ നെട്ടൂരില്‍ റെയില്‍വെ ട്രാക്കിന് സമീപം കുമ്പളം സ്വദേശി അര്‍ജുനെ (20) കൊലപ്പെടുത്തി സുഹൃത്തുക്കള്‍ കണ്ടല്‍ക്കാട്ടിലെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയത് കൃത്യമായ ആസൂത്രണത്തോടെ. സുഹൃത്തുക്കളായ അഞ്ചുപേര്‍ മൃതദേഹം ഒളിപ്പിച്ചത് ദൃശ്യം മോഡലിലാണ് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സഹോദരന്‍ ബൈക്ക് അപകടത്തില്‍ മരിക്കാന്‍ കാരണം അര്‍ജുനാണെന്ന പകയില്‍, പ്രതികളിലൊരാള്‍ ആസൂത്രണം ചെയ്തതായിരുന്നു ഈ കൊലപാതകം.


പെട്രോള്‍ വാങ്ങാനെന്ന വ്യാജേന അര്‍ജുനെ ഈ മാസം രണ്ടിന് രാത്രി പത്തോടെ വീട്ടില്‍നിന്ന് വിളിച്ചുവരുത്തി വിജനമായ സ്ഥലത്തെത്തിച്ച് പട്ടികയ്ക്കും കല്ലുകൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പ്രതികള്‍ മൊഴി നല്‍കി. ചതുപ്പില്‍ താഴ്ത്തി കോണ്‍ക്രീറ്റ് സ്‌ളാബിട്ട് മൂടി സ്ഥലംവിട്ടു. അര്‍ജുന്റെ മൊബൈല്‍ഫോണ്‍ ദൃശ്യം സിനിമയെ അനുകരിച്ച് ഒരു ലോറിയിലേക്ക് വലിച്ചെറിഞ്ഞു. വീട്ടുകാര്‍ പരാതി നല്‍കിയപ്പോള്‍ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അര്‍ജുനനെ കാണാതായതോടെ വീട്ടുകാരുള്‍പ്പടെ സുഹൃത്തുകളോട് അന്വേഷിച്ചിരുന്നു. ഇവര്‍ അറിയാതെ അര്‍ജുന്‍ എവിടെയും പോകില്ലെന്ന് വീട്ടുകാര്‍ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഇതിനായി നിരവധി തവണയാണ് സുഹൃത്തുക്കളോട് അര്‍ജുന്റെ അമ്മയടക്കം മകനെ കുറിച്ച് തിരക്കിയത്. എന്നാല്‍ 'ഞങ്ങള്‍ അവനെ ഒന്നും ചെയ്തില്ല ആന്റി' എന്നായിരുന്നു കൂട്ടുകാരുടെ പ്രതികരണം.കൊലപാതകത്തിന് ശേഷം അര്‍ജുന്റെ മൃതശരീരം ഒളിപ്പിച്ച രീതിക്കും ദൃശ്യം സിനിമയുമായി സാദൃശ്യമുണ്ടായിരുന്നു. ചതുപ്പില്‍ മൃതശരീരം ഒളിപ്പിച്ചതിന് അടുത്തായി തെരുവ് നായയെ തല്ലിക്കൊന്ന് കൊണ്ടിടുകയായിരുന്നു. ചതുപ്പില്‍ നിന്നും ദുര്‍ഗന്ധമുണ്ടായാല്‍ അത് നായയുടെയാണെന്ന് വിശ്വസിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. ചതുപ്പില്‍ ചവിട്ടിതാഴ്ത്തിയ ശവശരീരം പൊങ്ങാതിരിക്കാന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുകളിട്ട് താഴ്ത്തുകയും ചെയ്തു. വീട്ടുകാര്‍ സുഹൃത്തുക്കളുടെ പേരുവിവരങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ പലപ്പോഴായി പൊലീസ് ചോദ്യം ചെയ്യാന്‍ ഇവരെ വിളിച്ചെങ്കിലും കൃത്യമായ ആസൂത്രണത്തോടെ ഹാജരായ ഇവര്‍ പതറാതെ പിടിച്ചു നില്‍ക്കുകയായിരുന്നു.നെട്ടൂര്‍ സ്വദേശികളായ മാളിയേക്കല്‍ നിബിന്‍ പീറ്റര്‍ (20), കുന്നലക്കാട്ട് വീട്ടില്‍ റോണി (23), കളപ്പുരയ്ക്കല്‍ വീട്ടില്‍ അനന്തു (21), പനങ്ങാട് തട്ടാശേരില്‍ അജിത്കുമാര്‍ (22), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരാണ് കൊലപാതക കേസില്‍ അറസ്റ്റിലായത്.നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് പടിഞ്ഞാറ് കണിയാച്ചാല്‍ പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ബുധനാഴ്ച വൈകിട്ടാണ് അര്‍ജുന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധരും പൊലീസ് സംഘവും പരിശോധനയും ഇന്‍ക്വസ്റ്റും പൂര്‍ത്തിയാക്കി. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വൈകിട്ട് സംസ്‌കരിച്ചു.അറസ്റ്റിലായ നിബിന്റെ അനുജന്‍ അബിന്‍ കഴിഞ്ഞവര്‍ഷം ബൈക്കപകടത്തില്‍ മരിച്ചിരുന്നു. പിന്നിലിരുന്ന അര്‍ജുന് സാരമായി പരിക്കേറ്റിരുന്നു. അര്‍ജുന്‍ ആസൂത്രണം ചെയ്ത വാല്‍പ്പാറയിലേക്കുള്ള യാത്രയ്ക്കിടയിലാണ് കളമശേരി പ്രീമിയര്‍ ജംഗ്ഷന് സമീപം അപകടമുണ്ടായത്. അബിന്റെ മരണത്തിന് കാരണം അര്‍ജുനാണെന്ന പേരില്‍ വീട്ടുകാര്‍ തമ്മില്‍ മുമ്പ് വഴക്കുണ്ടായിരുന്നു. അര്‍ജുനോട് നിബിനുണ്ടായ പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു

Other News in this category4malayalees Recommends