തോമസ് ചാണ്ടിയ്ക്ക് അനുകൂല നിലപാടെടുത്ത് സര്‍ക്കാര്‍ ; ആലപ്പുഴ നഗരസഭ 1 കോടി 17 ലക്ഷം രൂപ പിഴ ചുമത്തിയപ്പോള്‍ സര്‍ക്കാര്‍ പിഴ തുക 34 ലക്ഷമാക്കി കുറച്ചു

തോമസ് ചാണ്ടിയ്ക്ക് അനുകൂല നിലപാടെടുത്ത് സര്‍ക്കാര്‍ ; ആലപ്പുഴ നഗരസഭ 1 കോടി 17 ലക്ഷം രൂപ പിഴ ചുമത്തിയപ്പോള്‍ സര്‍ക്കാര്‍ പിഴ തുക 34 ലക്ഷമാക്കി കുറച്ചു
മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് അടക്കേണ്ട നികുതിയില്‍ വന്‍ കുറവ് വരുത്തിയാണ് തോമസ് ചാണ്ടിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയത്. അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.പിഴ വെട്ടിക്കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ലേക് പാലസിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരസഭ ചുമത്തിയിരുന്ന പിഴ തുക 34 ലക്ഷമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആലപ്പുഴ നഗരസഭ 1 കോടി 17 ലക്ഷം രൂപയായിരുന്നു പിഴയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നും പിഴത്തുക വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും നഗരസഭ കൗണ്‍സില്‍ നിലപാടെടുത്തു. സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂലമായ നിലപാട് ആയിരുന്നു നഗരസഭ സെക്രട്ടറി സ്വീകരിച്ചത്. സെക്രട്ടറിയുടെ തീരുമാനം നടപ്പാക്കണമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends