മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് വൈകും ; നടപടി പാരിസ്ഥിതിക ആഘാത പഠനത്തിന് ശേഷമെന്ന് മന്ത്രി

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് വൈകും ; നടപടി പാരിസ്ഥിതിക ആഘാത പഠനത്തിന് ശേഷമെന്ന് മന്ത്രി
ഉടന്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവ് നല്‍കിയ മരടിലെ അഞ്ചു ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് വൈകും. ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതമാണ് ഇതിനു കാരണം. ഇതിനെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐ ഐ ടീയിലെ വിദഗ്ധരെ ചുമതലപ്പെടുത്തിയതായി തദ്ദേശ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍ പറഞ്ഞു. അവരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാണ് തുടര്‍ നടപടികള്‍ എടുക്കുകയെന്ന് മന്ത്രി പറഞ്ഞു.

ഫ്‌ലാറ്റ് വാങ്ങിയവര്‍ ഇക്കാര്യത്തില്‍ ഉത്തരവാദികളല്ലെന്ന് പറഞ്ഞ മന്ത്രി മുന്നൂറ്റിയന്പതോളം വരുന്ന ഫ്‌ലാറ്റ് ഉടമകളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം, മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.അഞ്ചു ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കളാണ് സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയത്.മരട് നഗരസഭാതിര്‍ത്തിയിലെ അഞ്ചു ഫ്‌ലാറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്ന് മെയ് എട്ടിനാണ് കോടതി ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി. തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവില്‍ മാറ്റം വരുത്താനാകില്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയിരുന്നത്.

Other News in this category4malayalees Recommends