മാര്‍ക്കിന്റെ കാരുണ്യസ്പര്‍ശം പ്രളയബാധിതരിലേക്കും

മാര്‍ക്കിന്റെ കാരുണ്യസ്പര്‍ശം പ്രളയബാധിതരിലേക്കും

ചിക്കാഗോ: നിരവധി ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളും കേരളജനതയ്‌ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ ഇടയാക്കിയ 2018ലെ മഹാപ്രളയത്തില്‍ നിന്നു അനേകായിരം മലയാളി സഹോദരങ്ങളും, ഭവനങ്ങളും ഇനിയും മുക്തിനേടേണ്ടിയിരിക്കുന്നു. 'ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം' എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുകൊണ്ട് അമേരിക്കയിലും ഇതര ദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി സാമൂഹ്യ, സാംസ്‌കാരിക സംഘടനകള്‍ പ്രളയബാധിതരുടെ പുനരധിവാസത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളും, സംഭാവനകളും നിസ്തുലമാണ്. കേരളത്തില്‍ നടക്കുന്ന വമ്പിച്ചൊരു പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ഒരു ചെറുവിരല്‍ സ്പര്‍ശം ഏകുവാന്‍ കഴിഞ്ഞുവെന്നതില്‍ മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.



കേരളത്തിലെ പ്രളയ ദുരിതാശ്വാസ സഹായത്തിനായി മാര്‍ക്ക് നടത്തിയ ധനസമാഹരണത്തില്‍ അംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച ഏഴു ലക്ഷം രൂപ, പ്രളയത്തില്‍ സ്വഭവനങ്ങള്‍ക്കൊപ്പം ജീവിതസ്വപ്നങ്ങളും കടപുഴക്കിയ രണ്ടു ഭവനങ്ങളുടെ പുനരുദ്ധാരണത്തിനായി പ്രയോജനപ്പെട്ടു. ഗുണഭോക്താക്കളെ കണ്ടെത്താന്‍ മാര്‍ക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ച മുന്‍ പ്രസിഡന്റ് സ്‌കറിയാക്കുട്ടി തോമസ്, മുന്‍ സെക്രട്ടറി വിജയന്‍ വിന്‍സെന്റ് എന്നിവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഒഴിവാക്കി സാമൂഹ്യ പ്രവര്‍ത്തനം ജീവിതവൃതമായി സ്വീകരിച്ചിട്ടുള്ള ഡോ. എം.എസ് സുനില്‍ടീച്ചറെ പ്രസ്തുത ദൗത്യം ഏല്‍പിക്കുകയായിരുന്നു. മാര്‍ക്കിനായി സുനില്‍ ടീച്ചറിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രഥമ ഭവനം ജൂണ്‍ 11ന് പത്തനംതിട്ട ജില്ലയിലെ പാണ്ടനാട് വെസ്റ്റ് തകിടിയില്‍ പുത്തന്‍വീട്ടില്‍ ഭിന്നശേഷിക്കാരനായ ജിതേന്ദ്രനും സഹോദരി അക്ഷരറാണിയും അടങ്ങിയ ആറംഗ കുടുംബത്തിനു കൈമാറി. വീടിന്റെ താക്കോല്‍ദാന കര്‍മ്മം സംഘടനയുടെ യൂത്ത് കോര്‍ഡിനേറ്ററും, യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി രെസ്പിരേറ്ററി വിഭാഗം മാനേജരുമായ സക്കറിയാ ഏബ്രഹാം ചേലയ്ക്കല്‍ നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ ഗീവര്‍ഗീസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍, കെ.പി. ജയലാല്‍, പ്രിന്‍സ് സുനില്‍ തോമസ്, ഹരിത കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.


മാര്‍ക്ക് സംഭാവന നല്‍കുന്ന രണ്ടാമത്തെ ഭവനം സുനില്‍ ടീച്ചറിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലുള്ള ഒരു സഹോദരനായി നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.


മാര്‍ക്കിന്റെ ഈ ധനസഹായം അര്‍ഹിക്കുന്ന കരങ്ങളില്‍ എത്തിക്കുന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഫേസ്ബുക്കിലുടെ മാര്‍ക്ക് നല്‍കിയ അഭ്യര്‍ത്ഥനയ്ക്ക് ജാതിമതവര്‍ണ്ണ വ്യത്യാസമില്ലാതെ സംഭാവന നല്‍കിയ ഏവരോടും മാര്‍ക്ക് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും മാര്‍ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു. പ്രസിഡന്റ് യേശുദാസന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്, സെക്രട്ടറി ജോസഫ് റോയി, ജോ. സെക്രട്ടറി അനീഷ് ചാക്കോ, ട്രഷറര്‍ ഷാജന്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളില്‍, ഓര്‍ഗനൈസര്‍ ജയ്‌മോന്‍ സ്‌കറിയ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളായ സ്‌കറിയാക്കുട്ടി തോമസ്, വിജയ് വിന്‍സെന്റ്, സനീഷ് ജോര്‍ജ്, റെജിമോന്‍ ജേക്കബ്, ടോം കാലായില്‍, ജോസ് കല്ലിടുക്കില്‍, സാം തുണ്ടിയില്‍, സഖറിയാ അബ്രഹാം, ഷൈനി ഹരിദാസ്, റെഞ്ചി വര്‍ഗീസ്, ജോര്‍ജ് ഒറ്റപ്ലാക്കില്‍, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍ തുടങ്ങിയവര്‍ ഈ ധനസമാഹരണത്തിന് നേതൃത്വം നല്‍കി.


റോയി ചേലമലയില്‍ (സെക്രട്ടറി) അറിയിച്ചതാണിത്.


Other News in this category



4malayalees Recommends