യുഎസ്-മെക്സിക്കന്‍ അതിര്‍ത്തിയിലൂടെയെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് അസൈലം നിഷേധിക്കല്‍; കര്‍ക്കശമായ പുതിയ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് യുഎസിലേക്ക് നുഴഞ്ഞ് കയറി അസൈലത്തിന് അപേക്ഷിക്കുന്നവര്‍ പെരുകി; മെക്‌സിക്കോയില്‍ നിന്നുള്ള കുത്തൊഴുക്കേറി

യുഎസ്-മെക്സിക്കന്‍ അതിര്‍ത്തിയിലൂടെയെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് അസൈലം നിഷേധിക്കല്‍; കര്‍ക്കശമായ പുതിയ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് യുഎസിലേക്ക് നുഴഞ്ഞ് കയറി അസൈലത്തിന് അപേക്ഷിക്കുന്നവര്‍ പെരുകി; മെക്‌സിക്കോയില്‍ നിന്നുള്ള കുത്തൊഴുക്കേറി

യുഎസിന്റെ അതിര്‍ത്തി കടന്ന് അനധികൃതമായി എത്തുന്ന ഏതാണ്ട് മിക്കവരുടെയും അസൈലം നിഷേധിക്കാന്‍ യുഎസ് അധികൃതര്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ തെക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് ഈ ആഴ്ച ഒന്ന് കൂടി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇതിനായുള്ള കടുത്ത നടപടികള്‍ യുഎസ് അധികൃതര്‍ വര്‍ധിപ്പിക്കുന്നതിനിടയിലും ചില മെക്‌സിക്കന്‍ സിറ്റികളില്‍ യുഎസിലേക്കുള്ള വാതിലുകള്‍ തുറന്നിരിക്കുന്നതിനാല്‍ അനധികൃത കുടിയേറ്റം വര്‍ധിച്ചിരിക്കുകയാണ്.


പുതിയ നയം അടുത്ത ചൊവ്വാഴ്ച നടപ്പിലാക്കാനിരിക്കെ സിയുഡാഡ് ജ്വാറെസും മെക്‌സിക്കന്‍ അതിര്‍ത്തി ടൗണുകളും അടക്കമുള്ള ഇടങ്ങളില്‍ നിന്നും യുഎസിലേക്ക് കുടിയേറുന്നവര്‍ സമീപദിവസങ്ങളിലായി വീണ്ടും പെരുകിയെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇവര്‍ യുഎസിലേക്ക് കടന്ന് വരുകയും തിരക്ക് പിടിച്ച് അസൈലത്തിന് അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്.

യുഎസ്-മെക്സിക്കന്‍ അതിര്‍ത്തിയിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയന്ത്രണമില്ലാത്ത കുത്തിയൊഴുക്കിന് അറുതി വരുത്തുന്നതിനാണ് ട്രംപ് ഭരണകൂടം ഇവരുടെ അസൈലം നിഷേധിക്കുന്ന കടുത്ത നടപടികളുമായി മുന്നോട്ട് വരാന്‍ പോകുന്നത്. ഇത് പ്രകാരം യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് എത്തുന്ന മിക്കവാറും എല്ലാ കുടിയേറ്റക്കാര്‍ക്കും അസൈലം സുരക്ഷയേകുന്നത് അവസാനിപ്പിക്കുന്നതിനായി പുതിയ കടുത്ത കുടിയേറ്റ നിയമങ്ങളാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.

നടപ്പിലാക്കാന്‍ പോകുന്ന പുതിയ കടുത്ത നിയമം അനുസരിച്ച് യുഎസിലേക്കുള്ള യാത്രാ മധ്യേ അവര്‍ ആദ്യമെത്തിച്ചേരുന്ന രാജ്യത്ത് അസൈലത്തിന് അപേക്ഷിക്കാത്തവര്‍ക്ക് യുഎസില്‍ അസൈലം നല്‍കേണ്ടതില്ലെന്നാണ് പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നത്. മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെ എത്തുന്ന കുട്ടികള്‍ക്കും ഈ നിയമം ബാധകമാണ്.ഇത് പ്രകാരം മറ്റേതെങ്കിലും രാജ്യത്ത് അവര്‍ സമര്‍പ്പിച്ചിരിക്കുന്ന അസൈലം അപേക്ഷ തള്ളിക്കളയുന്ന സാഹചര്യത്തില്‍ മാത്രമേ അവര്‍ക്ക് യുഎസില്‍ അസൈലത്തിന് അപേക്ഷിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.

മെക്സിക്കോയിലൂടെ യുഎസിലേക്കെത്തുന്ന ഭൂരിഭാഗം കുടിയേറ്റക്കാരെയും പുതിയ നിയമം കടുത്തരീതിയില്‍ ബാധിക്കുമെന്നുറപ്പാണ്. ഇവരില്‍ മിക്കവരും ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരാണ്.ഹെയ്തി, ക്യൂബ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റക്കാരും വര്‍ധിച്ച് വരുന്ന അവസ്ഥയാണുള്ളത്.ഇവരെയും പുതിയ കുടിയേറ്റ നിയമം കടുത്ത രീതിയില്‍ ബാധിക്കുമെന്നതില്‍ സംശയമില്ല. ആ ഭയം കാരണമാണ് പുതിയ നിയമം നടപ്പിലാകുന്നതിന് മുമ്പ് അനധികൃത കുടിയേറ്റക്കാര്‍ കൂടുതലായി കടന്ന് വന്ന് അസൈലത്തിന് അപേക്ഷിച്ച് കൊണ്ടിരിക്കുന്നത്.

Other News in this category



4malayalees Recommends