ശിവരഞ്ജിത്തിനേയും നസീമിനേയും കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

ശിവരഞ്ജിത്തിനേയും നസീമിനേയും കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും കോളേജില്‍ എത്തിച്ച് തെളിവെടുത്തു. യൂണിയന്‍ റൂംഅടക്കമുള്ള സ്ഥലങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുത്തു. അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പ് പൂര്‍ത്തിയായ ഇരുവരെയും കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിച്ചു. ഇരുവരെയും കഴിഞ്ഞ ദിവസമാണ് മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കേസില്‍ ദൃക്‌സാക്ഷികളുടെ അടക്കം മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ആറു പേരുള്‍പ്പടെ 16 പേര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. അഖിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച നിഖിലയുടെ കൂടുതല്‍ വെളിപ്പെടുത്തലുകളില്‍ കേസെടുക്കാനും പൊലീസ് ഒരുങ്ങുന്നുണ്ട്.

എസ്എഫ് ഐ പീഡനത്തെ തുടര്‍ന്ന് കോളേജ് വിടേണ്ടി വന്നതാണെന്ന് നിഖില അടുത്തിടെ പറഞ്ഞിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച കേസില്‍ ആദ്യം രേഖപ്പെടുത്തിയ മൊഴിയില്‍ കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും.

Other News in this category4malayalees Recommends