ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ സൗദിയില്‍ സൈന്യത്തെ വിന്യസിച്ച് അമേരിക്ക

ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ സൗദിയില്‍ സൈന്യത്തെ വിന്യസിച്ച് അമേരിക്ക
ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഫോര്‍മൂസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ സൗദി അറേബ്യയില്‍ സൈന്യത്തെ വിന്യസിച്ച് അമേരിക്ക. കലുഷിതാവസ്ഥ തുടരുന്ന ഗര്‍ഫ് മേഖലയില്‍ യുഎസിന്റെ നീക്കം ഇറാന് തിരിച്ചടിയായിരിക്കുകയാണ്. മേഖലയില്‍ ഉയര്‍ന്നുവരുന്ന ഭീഷണികള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സൈനിക നീക്കം നടത്തുന്നതെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

സൗദി യുഎസ് സഹകരണം ശക്തമാക്കുന്നതിനും മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിനുമായി അമേരിക്കന്‍ സേനയ്ക്ക് താവളമൊരുക്കാനുള്ള തീരുമാനത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയെന്നാണ് സൗദി ഭരണകൂടം വ്യക്തമാക്കിയത്. ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെയുള്ള പുതിയ നീക്കം മേഖലയില്‍ യുദ്ധഭീതി പടര്‍ത്തിയിട്ടുണ്ട്. മേഖലയിലെ സ്ഥിതി കണക്കിലെടുത്ത് 500ഓളം സൈനികരെയാണ് വിന്യസിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് മേഖലകളില്‍ യു.എസിന്റെ വ്യോമനിരീക്ഷണം ഉള്‍പ്പെടയുള്ളവ നടക്കുന്നുണ്ട്. റിയാദില്‍ നിന്ന് 150 കലോമീറ്റര്‍ അകലെയുള്ള പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലായിരിക്കും അമേരിക്കന്‍ സേന തമ്പടിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്‌റ്റെനാ ഇംപെറോയില്‍ 18 ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Other News in this category4malayalees Recommends