കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ ശ്രമം ; ബുധനാഴ്ച വരെ വിശ്വാസ പ്രമേയ ചര്‍ച്ച നടത്തണമെന്ന് കുമാരസ്വാമി ; വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് സ്പീക്കറും

കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ ശ്രമം ; ബുധനാഴ്ച വരെ വിശ്വാസ പ്രമേയ ചര്‍ച്ച നടത്തണമെന്ന് കുമാരസ്വാമി ; വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് സ്പീക്കറും
കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ ശ്രമം. ബുധനാഴ്ച വരെ വിശ്വാസ പ്രമേയ ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സ്പീക്കര്‍ രമേശ് കുമാറിനോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ല. അതേസമയം ഇന്നുതന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലാണ് ബിജെപി. വോട്ടെടുപ്പ് നീട്ടിവെയ്ക്കാനുള്ള അനാവശ്യശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.

കുമാരസ്വാമിക്കു പുറമേ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറും വോട്ടെടുപ്പ് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാ അംഗങ്ങള്‍ക്കും അവസരം നല്‍കി, ചര്‍ച്ച പൂര്‍ത്തിയായ ശേഷം മതി വോട്ടെടുപ്പ് എന്നും സര്‍ക്കാരിന് ഒരു തിടുക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. അത് സഭയുടെയും എംഎല്‍എമാരുടെയും സ്പീക്കറായ തന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ വിശ്വാസ വോട്ടെടുപ്പ് ഇന്ന് വൈകിട്ട് ആറുമണിക്കു മുമ്പു തന്നെ നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു. കൂടാതെ നാളെ രാവിലെ 11 മണിക്കു മുമ്പില്‍ ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കുമെന്നു കാണിച്ച് അദ്ദേഹം വിമത എംഎല്‍എമാര്‍ക്ക് നോട്ടീസ് അയച്ചു.

അതേസമയം വിമതര്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കാന്‍ സുപ്രീംകോടതി വിസ്സമതിച്ചു. നാളെ ഹര്‍ജി പരിഗണിക്കാന്‍ ശ്രമിക്കാമെന്ന് കോടതി അറിയിച്ചു. സ്വതന്ത്ര എം.എല്‍.എമാരായ നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. കര്‍ണാടകത്തില്‍ കുതിരക്കച്ചവടം നടന്നതു പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷക നല്‍കിയ ഹര്‍ജിയും കോടതി ഇന്നു പരിഗണിച്ചില്ല.

Other News in this category4malayalees Recommends