ബ്രിട്ടന്റെ കപ്പല്‍ ഗള്‍ഫില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്ത സംഭവം; പ്രധാനമന്ത്രി അടിയന്തിര കോബ്ര യോഗം ഇന്ന് വിളിച്ച് കൂട്ടുന്നു; ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് കപ്പലുകളെ സംരക്ഷിക്കാന്‍ നടപടികള്‍ വന്നേക്കും; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു

ബ്രിട്ടന്റെ കപ്പല്‍ ഗള്‍ഫില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്ത സംഭവം; പ്രധാനമന്ത്രി അടിയന്തിര കോബ്ര യോഗം ഇന്ന് വിളിച്ച് കൂട്ടുന്നു; ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് കപ്പലുകളെ സംരക്ഷിക്കാന്‍ നടപടികള്‍ വന്നേക്കും; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
ബ്രിട്ടന്റെ കപ്പല്‍ ഗള്‍ഫില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്ത സംഭവത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പ്രധാനമന്ത്രി തെരേസ മേയ് ഇന്ന് അടിയന്തിര കോബ്ര യോഗം വിളിച്ച് കൂട്ടുന്നു. ഇത് സംബന്ധിച്ച് മിനിസ്റ്റര്‍മാരില്‍ നിന്നും മറ്റ് ഒഫീഷ്യലുകളില്‍ നിന്നും തെരേസ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കുമെന്നും ഗള്‍ഫിലൂടെ സഞ്ചരിക്കുന്ന ബ്രിട്ടീഷ് കപ്പലുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം ചെയ്യണമെന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കുകയും ചെയ്യുന്നതാണ്.

ഇറാന്‍ ബ്രിട്ടന്റെ കപ്പല്‍ പ്രകോപനപരമായി പിടിച്ചെടുത്തതിന് തിരിച്ചടിക്കുന്നതിനായി ബ്രിട്ടനിലുള്ള ഇറാന്റെ വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിനും മരവിപ്പിക്കുന്നതിനും മിനിസ്റ്റര്‍മാര്‍ ഒരുങ്ങുന്നതിനിടെയാണ് കോബ്ര മീറ്റിംഗെന്നതും നിര്‍ണായകമാണ്. ഇത് സംബന്ധിച്ച പുതിയ തീരുമാനങ്ങള്‍ എന്തെല്ലാമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്നത് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് പിന്നീട് എംപിമാര്‍ക്ക് മുന്നില്‍ വിശദീകരിക്കുന്നതായിരിക്കും.

യുകെയുടെ കപ്പലായ സ്റ്റെന ഇംപെറോയെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമാര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇറാന്റെ ഓയില്‍ ടാങ്കര്‍ പിടിച്ചെടുക്കുന്നതിന് മുന്‍കൈയെടുത്ത് യുകെയും മുന്നോട്ട് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ പ്രധാനപ്പെട്ട ഷിപ്പിംഗ് റൂട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ഇംപെറോയെ ഇറാന്‍ പിടിച്ചെടുക്കുകയായിരുന്നു. ഇന്റര്‍നാഷണല്‍ മാരിടൈം നിയമങ്ങള്‍ ലംഘിച്ചുവെന്ന പേരിലായിരുന്നു കപ്പല്‍ അപഹരിച്ചിരുന്നത്.

ടാങ്കര്‍ പിടിച്ചെടുക്കുന്നതിന് മുമ്പ് എച്ച്എംഎസ് മോണ്‍ട്‌റോസിനും ഇറാനിയന്‍ സായുധ സേനക്കും ഇടയില്‍ നടന്ന റേഡിയോ സന്ദേശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ തങ്ങള്‍ക്ക് ഇംപെറോ പരിശോധിക്കണമെന്ന് പറഞ്ഞ് റെവല്യൂഷണറി ഗാര്‍ഡുമാര്‍ കപ്പലില്‍ കയറുകയും അത് പിടിച്ചെടുക്കുകയുമായിരുന്നു. ഒരു മീന്‍പിടിത്ത ബോട്ടുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ടാങ്കര്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ഇറാന്റെ ഗവണ്‍മെന്റ് ന്യൂസ് എജന്‍സിയായ ഐആര്‍എന്‍എ പ്രതികരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends