അതിരുവിട്ട ആഘോഷം വിനയായി ; ഇന്ത്യന്‍ യുവതാരത്തിനെതിരെ ഐസിസിയുടെ നടപടി

അതിരുവിട്ട ആഘോഷം വിനയായി ; ഇന്ത്യന്‍ യുവതാരത്തിനെതിരെ ഐസിസിയുടെ നടപടി
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിലെ വികാര പ്രകടനങ്ങളുടെ പേരില്‍ ഇന്ത്യന്‍ യുവ പേസര്‍ നവ്ദീപ് സെയ്‌നിക്കെതിരെ നടപടി. വിന്‍ഡീസ് താരം നിക്കോളാസ് പുരാനെ പുറത്താക്കിയപ്പോഴായിരുന്നു സെയ്‌നിയുടെ വിവാദമായ ആഘോഷം. ഐസിസി പെരുമാറ്റചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 സെയ്‌നി ലംഘിച്ചെന്ന് കണ്ടെത്തി.

ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ ശേഷം അവരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ആംഗ്യങ്ങള്‍ കാണിക്കുന്നത് വിലക്കുന്നതാണ് നിയമം. നിയമം ലംഘിച്ചതിനാല്‍ സെയ്‌നിക്ക് ഡിമെറിറ്റ് പോയിന്റ് കിട്ടി. മത്സരം നടക്കുമ്പോള്‍ ഫീല്‍ഡ് അംപയറായിരുന്ന നിഗേല്‍ ഡുഗിഡ്, ഗ്രിഗറി ബ്രാത്ത് വെയ്റ്റ് ,തേര്‍ഡ് അംപയര്‍ ലെസ്ലി റെയ്ഫര്‍, പാട്രിക് ഗസ്റ്റാഡ് എന്നിവരാണ് സെയ്‌നി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സെയ്‌നി സ്വമേധയാ കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗിക വിശദീകരണം കേള്‍ക്കല്‍ നടപടിയുണ്ടാകില്ല.

മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായിരുന്നു സെയ്‌നി. 17 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. വിന്‍ഡീസിനെതിരെ 20ാം ഓവര്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെയാണ് സെയ്‌നി പൂര്‍ത്തിയാക്കിയത്. നാലു വിക്കറ്റിന് ഇന്ത്യ കളി ജയിച്ചു.

Other News in this category



4malayalees Recommends