ചില നുണ പ്രചരണങ്ങള്‍ക്കിപ്പുറവും, കരുതല്‍ പങ്കുവയ്ക്കുന്ന, ചേര്‍ത്തു പിടിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെ കണ്ട് മനസ്സു നിറയുന്നു ; നൗഷാദിനെ കുറിച്ച് സിദ്ദിഖ്

ചില നുണ പ്രചരണങ്ങള്‍ക്കിപ്പുറവും, കരുതല്‍ പങ്കുവയ്ക്കുന്ന, ചേര്‍ത്തു പിടിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെ കണ്ട് മനസ്സു നിറയുന്നു ; നൗഷാദിനെ കുറിച്ച് സിദ്ദിഖ്
കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന പുതുവസ്ത്രങ്ങള്‍ ചാക്കില്‍ വാരി നിറച്ച് വയനാട്ടിലെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാന്‍ തയ്യാറായ ബ്രോഡ് വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. മാലിപ്പുറം സ്വദേശി പി എം നൗഷാദിനെ പ്രശംസിച്ച് നടന്‍ സിദ്ദിഖ് എഴുതിയ കുറിപ്പ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു.

സിദ്ദിഖിന്റെ കുറിപ്പ് വായിക്കാം:

ഈ മനുഷ്യന്‍.. നൗഷാദ്..

ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്വേയിലെ കടകള്‍ തോറും കയറിയിറങ്ങി നടക്കുമ്പോള്‍ 'നിങ്ങള്‍ക്ക് കുഞ്ഞുടുപ്പുകള്‍ വേണോ' എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങള്‍ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരന്‍. നിങ്ങള്‍ക്കിത് വലിയ നഷ്ടം വരുത്തില്ലേത്? എന്നു ചോദിച്ചപ്പോള്‍, 'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.' എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യന്‍.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത്, വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

ചില നുണ പ്രചരണങ്ങള്‍ക്കിപ്പുറവും, കരുതല്‍ പങ്കുവയ്ക്കുന്ന, ചേര്‍ത്തു പിടിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെ കണ്ട് മനസ്സു നിറയുന്നു.

സ്‌നേഹം. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.'സിദ്ദിഖ് കുറിച്ചു.


ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മടിച്ചു നില്‍ക്കുന്നവര്‍ക്ക് പ്രചോദനമാണ് നൗഷാദ്. പെരുന്നാളായിട്ടും കച്ചവടത്തിന്റെ ലാഭമോ, നഷ്ടമോ ഒന്നും നോക്കാതെയാണ് നൗഷാദ് വസ്ത്രങ്ങള്‍ നല്‍കിയത്. മനുഷ്യന് നന്മ ചെയ്യുന്നതാണ് തന്റെ ലാഭമെന്നും നൗഷാദ് പറയുന്നു.

നടന്‍ രാജേഷ് ശര്‍മയാണ് നൗഷാദിനെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആളുകള്‍ക്ക് മുന്നിലെത്തിച്ചത്.

Other News in this category4malayalees Recommends