സിക്കിം ബിജെപി പിടിച്ചെടുക്കുമോ ? എംഎല്‍എമാരുടെ എണ്ണം പൂജ്യത്തില്‍ നിന്ന് പത്താക്കി

സിക്കിം ബിജെപി പിടിച്ചെടുക്കുമോ ? എംഎല്‍എമാരുടെ എണ്ണം പൂജ്യത്തില്‍ നിന്ന് പത്താക്കി
കര്‍ണാടകത്തിനും ഗോവയ്ക്കും പിറകേ വടക്കുകിഴക്കന്‍ മേഖലയിലും രാഷ്ട്രീയ കരുനീക്കങ്ങളുമായി ബിജെപി. സിക്കിം ക്രാന്തികാരി മോര്‍ച്ച ഭരിക്കുന്ന സംസ്ഥാനത്ത് പ്രതിപക്ഷ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എസ്.ഡി.എഫ്) 10 പ്രതിപക്ഷ എംഎല്‍എമാര്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ മുഖ്യ പ്രതിപക്ഷ കക്ഷിയായി ബിജെപി മാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും ജയിക്കാതെയാണ് ബിജെപിക്ക് ഇപ്പോള്‍ അക്കൗണ്ടില്‍ 10 എംഎല്‍എമാരെത്തിയത്. ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പിനൊപ്പമാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയില്‍ നിന്നാണ് 10 എംഎല്‍എമാരും അംഗത്വം സ്വീകരിച്ചത്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ഏക സംസ്ഥാനം കൂടിയായിരുന്നു സിക്കിം.

1994 മുതല്‍ അധികാരത്തിലിരുന്ന എസ്.ഡി.എഫിനെ പരാജയപ്പെടുത്തി 17 സീറ്റുകളോടെയാണ് എസ്.കെ.എം ഭരണത്തിലേറിയത്. എസ്.ഡി.എഫിന് 15 സീറ്റാണു ലഭിച്ചത്. 32 അംഗ നിയമസഭയാണ് സിക്കിമിലേത്.

15 സീറ്റ് ലഭിച്ചിരുന്നെങ്കിലും ഒന്നിലധികം സീറ്റുകളില്‍ മത്സരിച്ച രണ്ടുപേര്‍ ഈയിടെ രാജിവെച്ചിരുന്നു. 10 പേര്‍ ബിജെപിയിലേക്കു കൂറുമാറുകയും രണ്ടുപേര്‍ രാജിവെയ്ക്കുകയും ചെയ്തതോടെ എസ്.ഡി.എഫിനിപ്പോള്‍ ബാക്കിയുള്ളത് മൂന്ന് എംഎല്‍എമാര്‍ മാത്രമാണ്. ഒരാള്‍ രാജിവെച്ച എസ്.കെ.എമ്മിന് ഇപ്പോഴുള്ളത് 16 അംഗങ്ങള്‍ മാത്രമാണ്.

Other News in this category4malayalees Recommends