നാട്ടില്‍ അവധിയ്‌ക്കെത്തിയ ലീഡ്‌സിലെ മലയാളി നഴ്‌സ് ഉറക്കത്തില്‍ മരിച്ചു ; കോട്ടയം സ്വദേശി കല്‍പ്പനയുടെ മരണം ഭര്‍ത്താവിന്റെ സ്വദേശമായ ജയ്പൂരില്‍ വച്ച്

നാട്ടില്‍ അവധിയ്‌ക്കെത്തിയ ലീഡ്‌സിലെ മലയാളി നഴ്‌സ് ഉറക്കത്തില്‍ മരിച്ചു ; കോട്ടയം സ്വദേശി കല്‍പ്പനയുടെ മരണം ഭര്‍ത്താവിന്റെ സ്വദേശമായ ജയ്പൂരില്‍ വച്ച്
നാട്ടില്‍ അവധിയ്ക്ക് പോയ മലയാളി നഴ്‌സ് കല്‍പ്പന ബോബി അന്തരിച്ചു. ലീഡ്‌സിലെ മലയാളി നഴ്‌സാണ് ഹൃദയാഘാതം മൂലം മരിച്ചത്. ജയ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് ജയ്ന്‍ ബോബിയുടെ നാട്ടില്‍ വച്ചാണ് കല്‍പ്പനയുടെ മരണം സംഭവിച്ചത്. കോട്ടയം പാമ്പാടി സ്വദേശി കല്‍പ്പന രക്ഷിതാക്കള്‍ക്കൊപ്പം അവധിയാഘോഷിച്ച ശേഷം കുറച്ചു ദിവസം മുമ്പാണ് ഭര്‍ത്താവിന്റെ രക്ഷിതാക്കള്‍ താമസിക്കുന്ന ജയ്പൂരില്‍ എത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് യുകെയിലേക്ക് മടങ്ങിപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് കല്‍പ്പനയെ തേടി മരണം എത്തിയത്. 38 വയസ്സായിരുന്നു.

രാവിലെയാണ് കല്‍പ്പനയുടെ മരണം വിളിച്ചത്. യുകെയിലേക്ക് മടങ്ങാനുള്ള ഷോപ്പിങ് കഴിഞ്ഞു താമസിച്ച് ഉറങ്ങാന്‍ കിടന്ന കല്‍പ്പന രാവിലെ ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് കുട്ടികള്‍ വിളിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഭര്‍ത്താവ് ബോബി പതിവ് പോലെ നടക്കാന്‍ പോയിരിക്കുകയായിരുന്നു. ഉടനെ സകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ജയ്പൂരിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഭര്‍ത്താവിന്റെ സ്വദേശമായ ജയ്പൂരില്‍ തന്നെ ഇന്ന് വൈകീട്ടോടെ സംസ്‌കരിക്കുമെന്നാണ് അറിയുന്നത്.

2005ലാണ് കല്‍പന യുകെയില്‍ എത്തിയത്. തുടര്‍ന്ന് ബ്രിസ്റ്റോള്‍ ആശുപത്രിയിലും ബ്രാഡ്‌ഫോര്‍ഡ് എന്‍എച്ച്എസിലും ജോലി നോക്കിയിരുന്നു. നിലവില്‍ ലീഡ്‌സ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ബോബി ജെയ്‌ന് സൈക്യാട്രിക് നഴ്‌സായി ജോലി ചെയ്യുകയാണ്.

മൂന്നും എട്ടും വയസ്സുള്ള മക്കളാണ് കല്‍പ്പനയ്ക്കുള്ളത്. പെട്ടെന്നുള്ള കല്‍പ്പനയുടെ വേര്‍പാടറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് യുകെ മലയാളി സമൂഹം. പരേതയുടെ വിയോഗത്തില്‍ ഏവരും അതീവ ദുഖത്തിലാണ്.

Other News in this category4malayalees Recommends