ഐഎന്‍എസ് മാക്‌സ് മീഡിയ അഴിമതി കേസ് ; ചിദംബരം ഒളിവില്‍ ; സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഐഎന്‍എസ് മാക്‌സ് മീഡിയ അഴിമതി കേസ് ; ചിദംബരം ഒളിവില്‍ ; സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ഐഎന്‍എസ് മാക്‌സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഒളിവിലെന്ന് റിപ്പോര്‍ട്ട്. ചിദംബരത്തിനായി സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സി.ബി.ഐ ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിദംബരം ഒളിവില്‍ പോയത്. നാലു തവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

രാവിലെ 10.30 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ നോട്ടീസ് പതിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചിദംബരത്തിന്റെ അഭിഭാഷകന്‍ ചോദിച്ചിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയതിനു പിന്നാലെ സി.ബി.ഐ സംഘം ചൊവ്വാഴ്ച വൈകീട്ടോടെ ചിദംബരത്തിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ചിദംബരം വീട്ടിലില്ലാത്ത സാഹചര്യത്തില്‍ തിരിച്ചു പോകുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാനായി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റി. ഹരജി ഇന്ന് ഉച്ചയ്ക്കാണ് പരിഗണിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍നിന്ന് സ്റ്റേ നേടാന്‍ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല.

Other News in this category4malayalees Recommends