സുനന്ദ പുഷ്‌കറുടെ മരണത്തിന് കാരണം വിഷം ; ശരീരത്തില്‍ വിവിധ ഭാഗങ്ങളിലായി 15 ഓളം പരിക്കേറ്റ അടയാളങ്ങളുണ്ട് ; മെഹര്‍ തരാറുമായുള്ള തരൂരിന്റെ അടുപ്പം സുനന്ദയെ തളര്‍ത്തിയിരുന്നു ; കോടതിയില്‍ തരൂരിന് എതിരായ പോലീസ് വാദങ്ങള്‍ ഇങ്ങനെ

സുനന്ദ പുഷ്‌കറുടെ മരണത്തിന് കാരണം വിഷം ; ശരീരത്തില്‍ വിവിധ ഭാഗങ്ങളിലായി 15 ഓളം പരിക്കേറ്റ അടയാളങ്ങളുണ്ട് ; മെഹര്‍ തരാറുമായുള്ള തരൂരിന്റെ അടുപ്പം സുനന്ദയെ തളര്‍ത്തിയിരുന്നു ; കോടതിയില്‍ തരൂരിന് എതിരായ പോലീസ് വാദങ്ങള്‍ ഇങ്ങനെ
ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് സുനന്ദ പുഷ്‌കര്‍ മാനസിക അസ്വസ്ഥത അനുഭവിച്ചിരുന്നെന്ന് ഡല്‍ഹി പോലീസ് ചോവ്വാഴ്ച കോടതിയില്‍ പറഞ്ഞു. ശശി തരൂര്‍ ഭാര്യയെ പീഡിപ്പിച്ചിരുന്നെന്നും, ഇതവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നും പോലീസ് ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം പ്രകാരം സുനന്ദ പുഷ്‌കറുടെ മരണത്തിന് കാരണം വിഷമാണെന്നും അവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 പരിക്കേറ്റ അടയാളങ്ങള്‍ കണ്ടെത്തിയെന്നും പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറിനോട് അന്വേഷണ ഏജന്‍സി പറഞ്ഞു. കൈത്തണ്ട, കൈ, കാല് തുടങ്ങിയ ഭാഗങ്ങളിലാണ് പരിക്കുള്ളത്. സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തരൂരിനെതിരെ ആരോപണം ഉന്നയിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടെയാണ് ഡല്‍ഹി പോലീസിന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ ഈ വാദം ഉന്നയിച്ചത്.


പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകയായ മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധവും സുനന്ദയുടെ മാനസിക അസ്വസ്ഥത വര്‍ദ്ധിപ്പിച്ചുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ദമ്പതികള്‍ തമ്മിലുള്ള ബന്ധം പിരിമുറുക്കം നിറഞ്ഞതും മോശവുമായിരുന്നെന്ന് കുറ്റപത്രത്തിന്റെ ഭാഗമായി സുനന്ദ പുഷ്‌കറുടെ സുഹൃത്തും പത്രപ്രവര്‍ത്തകയുമായ നളിനി സിംഗിന്റെ പ്രസ്താവനയെക്കുറിച്ചും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.'എന്റെ പ്രിയപ്പെട്ടവള്‍' എന്ന് അഭിസംബോധന ചെയ്ത് തരൂര്‍ മെഹര്‍ തരാറിന് എഴുതിയ ഇമെയിലും കണ്ടെത്തിയതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. തരൂരും തരാറും പരസ്പരം എത്രമാത്രം അടുപ്പത്തിലായിരുന്നുവെന്ന് കാണിക്കുന്ന വിവിധ കത്തുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തരൂരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്‌വ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങള്‍ നിരസിച്ചു, അത്തരം ഒരു ഇമെയിലിനെക്കുറിച്ചും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.കേസ് 31 ന് വീണ്ടും വാദം കേള്‍ക്കും.

Other News in this category4malayalees Recommends