രാഷ്ട്രനിര്‍മിതിക്കായി അഹോരാത്രം യത്നിച്ച നേതാവെന്ന് രാഷ്ട്രപതി; പതിറ്റാണ്ടുകളുടെ സുഹൃത്ബന്ധമായിരുന്നു ജെയ്റ്റ്‌ലിയുമായി ഉണ്ടായിരുന്നതെന്ന് നരേന്ദ്ര മോദി; ദുഖം രേഖപ്പെടുത്തി സോണിയാ ഗാന്ധി; അരുണ്‍ ജയ്റ്റ്‌ലിയെ അനുസ്മരിച്ച് പ്രമുഖര്‍

രാഷ്ട്രനിര്‍മിതിക്കായി അഹോരാത്രം യത്നിച്ച നേതാവെന്ന് രാഷ്ട്രപതി; പതിറ്റാണ്ടുകളുടെ സുഹൃത്ബന്ധമായിരുന്നു ജെയ്റ്റ്‌ലിയുമായി ഉണ്ടായിരുന്നതെന്ന് നരേന്ദ്ര മോദി; ദുഖം രേഖപ്പെടുത്തി സോണിയാ ഗാന്ധി; അരുണ്‍ ജയ്റ്റ്‌ലിയെ അനുസ്മരിച്ച് പ്രമുഖര്‍

അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രമുഖര്‍. ഏറെ കാലം രോഗങ്ങളോട് പൊരുതിയ അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. മികച്ച അഭിഭാഷകനും പാര്‍ലമെന്റേറിയനും മികച്ച കേന്ദ്രമന്ത്രിയുമായിരുന്ന ജെയ്റ്റ്ലി രാഷ്ട്രനിര്‍മിതിക്കായി അഹോരാത്രം യത്നിച്ച നേതാവായിരുന്നെന്നും രാഷ്ട്രപതി അനുസമരിച്ചു.


പ്രധാനമന്ത്രി നരേന്ദ്ര മോദി ജെയ്റ്റ്ലിയുടെ കുടുംബത്തെ ദുഃഖം അറിയിച്ചു. പതിറ്റാണ്ടുകളായി കാത്ത് സൂക്ഷിച്ചിരുന്ന സുഹൃത്ബന്ധമാണ് തനിക്ക് ജെയ്റ്റ്ലിയുമായി ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മികച്ച രാഷ്ട്രീയനേതാവായിരുന്ന ജെയ്റ്റ്ലി നിയമവിദഗ്ധന്‍ കൂടിയായിരുന്നെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. വിദ്യാര്‍ഥി നേതാവായിരുന്ന ജെയ്റ്റ്ലി ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തരാവസ്ഥക്കാലത്ത് ശക്തമായ സമരനേതൃത്വം നല്‍കിയെന്നും പ്രധാനമന്ത്രി കുറിച്ചു.

സോണിയാ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. അരുണ്‍ ജെയ്റ്റ്‌ലിയുടെ അകാല മരണത്തില്‍ അതീവ ദുഖവും വേദനയും രേഖപ്പെടുത്തുന്നതായി സോണിയ ഗാന്ധി പ്രസ്താവനയിലൂടെ അറിയിച്ചു. ഒരു നേതാവെന്ന നിലയിലും മന്ത്രിയെന്ന നിലയിലും പാര്‍ലമെന്റ് അംഗമെന്ന നിലയിലും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചെന്നും പൊതുജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും സോണിയ അറിയിച്ചു.

ഈ മാസം ഒന്‍പതിന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്തരിച്ചത്. മുന്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ മരണത്തിന് പിന്നാലെ ബിജെപിക്ക് കരുത്തനായ മറ്റൊരു നേതാവിനെയാണ് നഷ്ടമായത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുറമെ വൃക്ക രോഗവും ക്യാന്‍സറും ജെയ്റ്റിലിയെ അലട്ടിയിരുന്നു. അദ്ദേഹം വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

Other News in this category4malayalees Recommends