അവിടെ പോയി ഇരിക്കെന്ന് പറഞ്ഞ് സ്ത്രീയോട് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചോ ? മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നത് ഇങ്ങനെ

അവിടെ പോയി ഇരിക്കെന്ന് പറഞ്ഞ് സ്ത്രീയോട് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചോ ? മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നത് ഇങ്ങനെ
കണ്ണൂരിലെ പൊതുപരിപാടിയില്‍ വച്ച് തനിക്കെതിരെ വിമര്‍ശനം നടത്തിയ സ്ത്രീയോട് രോഷാകുലനാകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രി സ്ത്രീയോട് ദേഷ്യപ്പെട്ടുകൊണ്ട് 'പോയി ഇരിക്ക്, അവിടെപ്പോയി ഇരിക്ക്' എന്നു പറയുന്നത് വിഡിയോയില്‍ കൃത്യമായി കേള്‍ക്കാം.

എന്നാല്‍ സംഭവത്തിന്റെ പൂണ്ണ സത്യം ഇതല്ല. ദൃക്‌സാക്ഷിയായ മീഡിയവണ്‍ ലേഖകന്‍ സുനില്‍ ഐസക് പറയുന്നു.

'പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ മികച്ച സേവനം ചെയ്തവരെ ആദരിക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിന്റെ വേദിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പതിവ് പോലെ കൃത്യ സമയത്ത് തന്നെ കലക്ട്രേറ്റ് ഹാളിലെ വേദിയിലെത്തി. പതിവില്‍നിന്ന് വ്യത്യസ്തമായി സുസ്‌മേര വദനനായിരുന്നു മുഖ്യമന്ത്രി. വേദിയില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, കടന്നപ്പളളി രാമചന്ദ്രന്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര.

മന്ത്രി ഇ.പി ജയരാജന്റെ സമീപത്തെ കസേരയിലിരുന്ന മുഖ്യമന്ത്രി അദ്ദേഹവുമായി സംസാരിച്ചിരിക്കവെയാണ് ആ സ്ത്രീ വേദിയിലേക്ക് കയറി വന്നത്. പ്രായം അന്പതിന് മുകളിലുണ്ട്. ആദ്യം ഇ.പി ജയരാജനോട് സംസാരിച്ചു. പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ അവര്‍ കൈ നീട്ടി. നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് മുഖ്യമന്ത്രി അല്‍പ്പനേരം അവരോട് സംസാരിച്ചു. പൊടുന്നനെ അവരുടെ ശബ്ദമുയര്‍ന്നു. 'നിങ്ങള്‍ ഒന്നും ചെയ്ത് തന്നില്ല' എന്നായിരുന്നു അവരുടെ ഉച്ചത്തിലുള്ള പരാതി. അപ്പോഴും നിറഞ്ഞ ചിരി മായാതെ തന്നെ സഭയിലേക്ക് ചൂണ്ടി 'അവിടെ പോയി ഇരിക്കൂ'എന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ അവര്‍ വീണ്ടും ശബ്ദമുയര്‍ത്തി പരാതി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് ഇ.പി ജയരാജന്‍ സ്ത്രീയുടെ കൈ മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് പിടിച്ചുമാറ്റി. ഇതോടെ മുഖ്യമന്ത്രിക്ക് നേരെ കയ്യ് ചൂണ്ടി 'നിങ്ങള്‍ എനിക്ക് ഒന്നും ചെയ്ത് തന്നില്ലന്ന് അവര്‍ ആക്രോശിച്ചു.

ഇത് കേട്ടതോടെ പിണറായിയുടെ മുഖ ഭാവം മാറി. അവരുടെ കൈ തട്ടി മാറ്റിയ പിണറായി 'അവിടെ പോയി ഇരിക്ക്' എന്ന് ശബ്ദമുയര്‍ത്തി. പിന്നാലെ, വേദിയിലുണ്ടായിരുന്ന ഒരാള്‍ അവരെ പിടിച്ച് മാറ്റി സദസിലേക്ക് കൊണ്ടു പോയി. പരിപാടി തീരും വരെ വേദിയുടെ താഴെ ഭാഗത്ത് ആ സ്ത്രീയുണ്ടായിരുന്നു. പിന്നീട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അദ്ദേഹത്തിന്റെ വാഹനത്തില്‍ കയറ്റി അവരെ കൊണ്ടു പോയി. തളിപ്പറമ്പ് സ്വദേശിയായ സ്ത്രീ നേരിയ മാനസികാസ്വാസ്ഥ്യം പ്രകടപ്പിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. നേരെത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത കണ്ണൂരിലെ ഒരു വേദിയിലെത്തിയും ഇവര്‍ സമാനരീതിയില്‍ പരാതി പറഞ്ഞിരുന്നു'.

Other News in this category4malayalees Recommends