കാനഡയിലേക്ക് കുടിയേറ്റക്കാര്‍ വരേണ്ട....!! ഹാലിഫാക്‌സില്‍ സ്ഥാപിച്ച ഏറ്റവും വലിയ കുടിയേറ്റ വിരുദ്ധ ബോര്‍ഡിനെതിരെ പ്രതിഷേധം ഇരമ്പുന്നു; പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവിന്റെ പടം വച്ച് ബോര്‍ഡിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്ന് പിപിസി

കാനഡയിലേക്ക് കുടിയേറ്റക്കാര്‍ വരേണ്ട....!! ഹാലിഫാക്‌സില്‍ സ്ഥാപിച്ച ഏറ്റവും വലിയ കുടിയേറ്റ വിരുദ്ധ ബോര്‍ഡിനെതിരെ പ്രതിഷേധം ഇരമ്പുന്നു; പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവിന്റെ പടം വച്ച് ബോര്‍ഡിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്ന് പിപിസി
കാനഡയിലെ ഹാലിഫാക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധമായ ബില്‍ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു.' സേ നോ ടു മാസ് ഇമിഗ്രേഷന്‍' എന്ന ആഹ്വാനം നല്‍കി കാനഡയിലെ പീപ്പിള്‍സ് പാര്‍ട്ടിയാണീ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.വോട്ടര്‍മാരോടുള്ള ആഹ്വാനമെന്ന നിലയിലാണീ ബില്‍ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്നത്. ഇത്തരത്തിലൊരു ബോര്‍ഡ് ഏവരും ശ്രദ്ധിക്കുന്ന ഇടത്തില്‍ ഉയര്‍ത്താന്‍ പാര്‍ട്ടിക്ക് എങ്ങനെ ധൈര്യം വന്നുവെന്നാണ് നിരവധി പേര്‍ ആശ്ചര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയകളിലും നേരിട്ടും ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പുകയുന്നത്.പീപ്പിള്‍സ് പാര്‍ട്ടി നേതാവ് മാക്‌സിമെ ബെര്‍നിയറിന്റെ ഫോട്ടോ സഹിതമുള്ള ഈ ബോര്‍ഡ് ബെഡ്‌ഫോര്‍ഡ് ഹൈവേയുടെ ഓരത്താണ് സ്ഥാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഇതിലെ കടന്ന് പോയവരാണ് ഈ കുടിയേറ്റ വിരുദ്ധ ബോര്‍ഡ് ആദ്യമായി കണ്ടത്. ഇത് എത്രയും വേഗം എടുത്ത് മാറ്റണമെന്നാണ് നിരവധി പേര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഈ ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉത്തരവാദിത്വമൊന്നുമില്ലെന്നാണ് പീപ്പിള്‍സ് പാര്‍ട്ടി പ്രതികരിച്ചിരിക്കുന്നത്.തങ്ങളുടെ അറിവോടെയല്ല ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജോഹാനി മെന്നി പറയുന്നത്.ഇതിന് ഉത്തരവാദി ഒരു മുന്നാംകക്ഷിയാണെന്നും പിപിസിക്ക് ഇത് സ്ഥാപിച്ചവരുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇതിന് ഉത്തരവാദി ട്രൂ നോര്‍ത്ത് സ്‌ട്രോംഗ് ആന്‍ഡ് ഫ്രീ അഡൈ്വര്‍ടൈസിംഗ് കോര്‍പറേഷനാണെന്ന് ബോര്‍ഡിന്റെ കീഴില്‍ എഴുതി വച്ചിട്ടുണ്ട്. ടൊറന്റോയിലെ മൈനിംഗ് കമ്പനി കെഡബ്ല്യൂജി റിസോഴ്‌സസ് സിഇഒയും പ്രസിഡന്റുമായ ഫ്രാങ്ക് സ്മീന്‍കാണ് ഈ കോര്‍പറേഷന്റെ തലവനായി വര്‍ത്തിക്കുന്നത്.ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ട്രൂ നോര്‍ത്ത് സ്‌ട്രോംഗ് ആന്‍ഡ് ഫ്രീ അഡൈ്വര്‍ടൈസിംഗ് കോര്‍പറേഷന്‍ തയ്യാറായിട്ടില്ല.പരമാവധി കുടിയേറ്റക്കാരെ എത്തിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ ആകര്‍ഷകമായ പദ്ധതികളുമായി മുന്നോട്ട്‌പോകുന്നതിനിടയിലാണ് അതിന് വിരുദ്ധമായി ഇത്തരത്തിലൊരു ബോര്‍ഡ് ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Other News in this category



4malayalees Recommends