ബ്രെക്‌സിറ്റ് ഡൈവോഴ്‌സ് ബില്‍ വകയില്‍ യൂറോപ്യന്‍ യൂണിയന് 39 ബില്യണ്‍ പൗണ്ടിന് പകരം വെറും 7 ബില്യണേ കൊടുക്കുകയുള്ളുവെന്ന് ബോറിസ്; ബ്രെക്സിറ്റ് ഡീല്‍ പുതുക്കാന്‍ അനുവദിക്കാത്തതിലുള്ള പ്രതികാരം; ജി 7 യോഗത്തിനിടയില്‍ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ബ്രെക്‌സിറ്റ് ഡൈവോഴ്‌സ് ബില്‍ വകയില്‍ യൂറോപ്യന്‍ യൂണിയന് 39 ബില്യണ്‍ പൗണ്ടിന് പകരം വെറും 7 ബില്യണേ കൊടുക്കുകയുള്ളുവെന്ന് ബോറിസ്; ബ്രെക്സിറ്റ് ഡീല്‍ പുതുക്കാന്‍ അനുവദിക്കാത്തതിലുള്ള പ്രതികാരം; ജി 7 യോഗത്തിനിടയില്‍ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനോട് അനുബന്ധിച്ച് യൂണിയന് യുകെ നല്‍കേണ്ടുന്ന ഡൈവോഴ്‌സ് ബില്‍ തുകയായ 39 ബില്യണ്‍ പൗണ്ട് നല്‍കില്ലെന്നും പകരം വെറും ഏഴ് ബില്യണ്‍ പൗണ്ട് മാത്രമേ നല്‍കുകയുള്ളുവെന്നും ഭീഷണിപ്പെടുത്തി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി. ബ്രെക്സിറ്റ് ഡീല്‍ പുതുക്കാന്‍ ബ്രസല്‍സ് അനുവദിക്കാത്തതിലുള്ള പ്രതികാരം ഇതിലൂടെ വീട്ടാനാണ് ബോറിസ് ഒരുങ്ങുന്നത്. ഇന്ന് നടക്കുന്ന ജി 7 യോഗത്തിനിടയില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഈ വിധത്തില്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കാനൊരുങ്ങുന്ന ബോറിസിനോട് എന്ത് നിലപാട് പുലര്‍ത്തണമെന്നറിയാതെ വെട്ടിലായിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. നമ്പര്‍ പത്തിലെ പ്രധാനമന്ത്രി കസേരയിലെത്തിയതിന് ശേഷം ബോറിസ് ആദ്യമായി പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ മീറ്റിംഗാണ് ഇന്ന് ബിയാറിട്‌സില്‍ അരങ്ങേറുന്ന ജി 7 ഉച്ചകോടിയെന്ന പ്രത്യേകതയുമുണ്ട്. യൂണിയനോട് വിട്ട് വീഴ്ചയില്ലാത്ത പുതിയ നിലപാടെടുത്തതിന്റെ തിളക്കത്തിലായിരിക്കും ബോറിസ് ഇതില്‍ പങ്കെടുക്കുന്നത്.

39 ബില്യണ്‍ പൗണ്ട് ഡൈവോഴ്സ് ബില്‍ ബ്രസല്‍സിന് നല്‍കാമെന്ന് സമ്മതിച്ചിരുന്നത് മുന്‍പ്രധാനമന്ത്രി തെരേസ മേയായിരുന്നു.ഇത് സംബന്ധിച്ച കരാറിലൊപ്പ് വച്ചിരുന്നത് ബോറിസിന്റെ ബ്രെക്‌സിറ്റ് നയത്തിന്റെ മുഖ്യ എതിരാളികളിലൊരാളും മുന്‍ ചാന്‍സലറുമായ ഫിലിപ്പ് ഹാമണ്ടായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ തീരുമാനത്തിന്റെ കടയ്ക്കലാണ് ബോറിസ് ധീരമായി കത്തി വച്ചിരിക്കുന്നതെന്നതും ചര്‍ച്ചയാകുന്നുണ്ട്.

യാതൊരു വിധത്തിലുള്ള കരാറുമില്ലാതെയാണ് യുകെ യൂണിയന്‍ വിട്ട് പോകുന്നതെങ്കില്‍ ഡൈവോഴ്‌സ് ബില്‍ വകയില്‍ 39 ബില്യണ്‍ പൗണ്ടെന്ന വന്‍ തുകയൊന്നും യൂണിയന് കൊടുക്കേണ്ടതില്ലെന്നും കാരണം നോ ഡീല്‍ സാഹചര്യമാണെങ്കില്‍ ട്രാന്‍സിഷന്‍ പിരിയഡുമായി ബന്ധപ്പെട്ടുള്ള ചെലവൊന്നുമില്ലെന്നുമാണ് നമ്പര്‍ പത്തിലെ ലോയര്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.ഒക്ടോബര്‍ 31ന് കരാറൊന്നുമില്ലാതെ യുകെ യൂണിയനോട് ഗുഡ്‌ബൈ പറയുകയാണെങ്കില്‍ ബ്രെക്സിറ്റ് ബില്‍ അടയ്ക്കാന്‍ യുകെ ബാധ്യസ്ഥമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാര്‍കോണ്‍ കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നു.ബോറിസും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കും ജി 7ഉച്ചകോടിക്കിടെ ഇന്ന് ഔപചാരികമായി ചര്‍ച്ച നടത്തുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പാണ് പുതിയ കടുത്ത നിലപാട് ബോറിസ് കൈക്കൊണ്ടിരിക്കുന്നതെന്നതും പ്രാധാന്യമര്‍ഹിക്കുന്നു.

Other News in this category4malayalees Recommends