പ്രളയ ബാധിതര്‍ക്കായി തുണിത്തരങ്ങള്‍ സംഭാവന ചെയ്ത് മലയാളിയുടെ മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയ നൗഷാദിനെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം ജില്ലയില്‍ വിവിധ ചടങ്ങളുകളില്‍ പങ്കെടുക്കാനെത്തയപ്പോഴാണ് നൗഷാദിനെ നേരില്‍കാണാന്‍ മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഗസ്റ്റ് ഗൗസിലെത്തിയ നൗഷാദിനെ ചേര്‍ത്തു നിര്‍ത്തുകയും കുശലം ചോദിക്കുകയും പ്രശംസിക്കുകയും ചെയ്തു മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിപ്പും മുഖ്യമന്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. ദുരിതബാധിതര്‍ക്കായി തന്നാലാകുന്നതൊക്കെ ചെയ്യണമെന്ന് വിചാരിക്കുന്ന നൗഷാദിനെപ്പോലുള്ളവര്‍ നല്കുന്ന ഊര്‍ജം ചെറുതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എറണാകുളം ജില്ലയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രളയബാധിതര്‍ക്കായി തുണിത്തരങ്ങള്‍ സംഭാവനചെയ്ത വഴിയോരക്കച്ചവടക്കാരന് നൗഷാദിനെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഗസ്റ്റ്ഹൗസിലെത്തിയ
നൗഷാദിനെ ചേര്‍ത്തുനിര്‍ത്തി. സ്നേഹപൂര്‍വം കുശലം തിരക്കി. ചെയ്ത നല്ലകാര്യത്തിന് പ്രശംസിച്ചു. കൂടിക്കാഴ്ച കഴിഞ്ഞ് പിരിയുമ്പോള്‍ നൗഷാദിനെ പുറത്തുതട്ടി യാത്രയാക്കി. ദുരിതബാധിതര്‍ക്കായി തന്നാലാകുന്നതൊക്കെ ചെയ്യണമെന്ന് വിചാരിക്കുന്ന നൗഷാദിനെപ്പോലുള്ളവര്‍ നല്കുന്ന ഊര്‍ജം ചെറുതല്ല.