ക്യാന്‍സര്‍ സാധ്യത ; അമേരിക്കയില്‍ ആപ്പിളിനും സാംസങ്ങിനുമെതിരെ നിയമ നടപടി

ക്യാന്‍സര്‍ സാധ്യത ; അമേരിക്കയില്‍ ആപ്പിളിനും സാംസങ്ങിനുമെതിരെ നിയമ നടപടി
അമേരിക്കയില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ നിയമ നടപടി. സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് പുറപ്പെടുന്ന ഫ്രീക്വന്‍സി (വികിരണങ്ങള്‍) സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെച്ച് ചൂണ്ടിക്കാണിച്ചാണ് കാലിഫോര്‍ണിയ സാന്‍ഹോസെ ഡിവിഷനിലെ ഡിസ്ട്രിക്ട് കോടതിയില്‍ 15 അഭിഭാഷകര്‍ ചേര്‍ന്ന് പരാതി നല്‍കിയിരിക്കുന്നത്.നിയമപ്രകാരം അനുവദിക്കപ്പെട്ട പരമാവധി റേഡിയോ ഫ്രീക്വന്‍സിയേക്കാള്‍ (ആര്‍.എഫ്) 500 ശതമാനം വരെ കൂടുതലാണ് ഫോണുകളില്‍ ഉപയോഗിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.ഇത് കാന്‍സര്‍, ജനിതക വൈകല്യങ്ങള്‍, ഓര്‍മനാശം എന്നിവയടക്കമുള്ള മാരകമായ രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പരാതിയില്‍ പറയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ പോക്കറ്റുകളിലും ശരീരത്തിനടുത്തും വെക്കുന്നത് കുഴപ്പമില്ലെന്നാണ് കമ്പനികള്‍ പറയുന്നതെങ്കിലും ഇവ അപകടകരമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായി പരാതിക്കാര്‍ വ്യക്തമാക്കുന്നു.

സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് മാനദണ്ഡം ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണുകളിലെ റേഡിയോ ഫ്രീക്വന്‍സി അളക്കുന്നത്. അമേരിക്കന്‍ നിയമപ്രകാരം 1.6 w/kg യില്‍ കൂടുതല്‍ റേഡിയോ ഫ്രീക്വന്‍സി ഫോണുകളില്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍, ഇതിനേക്കാള്‍ എത്രയോ മടങ്ങ് ആര്‍.എഫ് ഐഫോണ്‍ 8, ഐഫോണ്‍ എക്‌സ്, ഗാലക്‌സി എസ് 8, ഗാലക്‌സി നോട്ട് 8 തുടങ്ങിയ ഫോണുകളില്‍ ഉണ്ടെന്ന് പഠനങ്ങളില്‍ വ്യക്തമായതായും ഇത് അപകടകരമാണെന്നും പരാതിക്കാര്‍ പറയുന്നു.

കോള്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ചെവിയോട് ചേര്‍ക്കാമെന്നും പാന്റ്‌സിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റുകളില്‍ വെക്കാമെന്നുമാണ് ആപ്പിളും സാംസങ്ങും പരസ്യങ്ങളില്‍ പറയുന്നുണ്ട്.എന്നാല്‍ ഇത് തെറ്റിധാരണയുണ്ടാക്കുന്നു. തീര്‍ത്തും അപകടകരമായ ഈ ഉപകരണങ്ങള്‍ ശരീരത്തോട് ചേര്‍ക്കുന്നത് മാരകമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നും തെറ്റിദ്ധാരണ പരത്തുന്നതിന് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

Other News in this category



4malayalees Recommends