കേരളത്തില്‍ നിന്ന് കൂടുതല്‍ ഫ്‌ളൈറ്റുകള്‍; മുഖ്യമന്ത്രിക്ക് വിമാനക്കമ്പനികളുടെ ഉറപ്പ്; തിരുവനന്തപുരം, കോഴിക്കോട് വിമാനത്താളങ്ങളില്‍ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാനും മുഖ്യമന്ത്രിയുടെ ആവശ്യം

കേരളത്തില്‍ നിന്ന് കൂടുതല്‍ ഫ്‌ളൈറ്റുകള്‍; മുഖ്യമന്ത്രിക്ക് വിമാനക്കമ്പനികളുടെ ഉറപ്പ്; തിരുവനന്തപുരം, കോഴിക്കോട് വിമാനത്താളങ്ങളില്‍ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാനും മുഖ്യമന്ത്രിയുടെ ആവശ്യം

വിമാനക്കമ്പനികള്‍ അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പ്രതിദിനം മുപ്പത് വിമാന സര്‍വീസുകള്‍ കൂടുതലായി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പു നല്‍കി. അടുത്ത മൂന്നു മാസത്തിനകം ഇത് നിലവില്‍ വരും. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് അധികമായി അഞ്ച് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നും ഖരോള അറിയിച്ചു.


തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചത്. മുഖ്യമന്ത്രി യോഗം വിളിച്ച സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനക്കമ്പനികളുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ശൈത്യകാല ഷെഡ്യൂള്‍ വരുമ്പോള്‍ മുപ്പത് ഫ്‌ളൈറ്റ് അധികമായി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയത്.

കഴിഞ്ഞ തവണ ചേര്‍ന്ന വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എ.ടി.എഫ്) നികുതി നിരക്ക് കുറയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും അതിനെ പിന്തുണച്ചു. ഇത് കണക്കിലെടുത്ത് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ എ.ടി.എഫ് നികുതി 25 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും കണ്ണൂര്‍ വിമാനത്താവളത്തില്‍ അത് 1 ശതമാനമായും സര്‍ക്കാര്‍ കുറച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഇതനുസരിച്ചുള്ള അനുകൂല പ്രതികരണം ഉണ്ടായില്ല. മാത്രമല്ല, തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസുകള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 2018-19ല്‍ തിരുവനന്തപുരത്ത് 645 ഫ്‌ളൈറ്റുകള്‍ കുറഞ്ഞു. 2019-20-ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കെടുത്താല്‍ 1579 ഫ്‌ളൈറ്റുകളാണ് കുറഞ്ഞത്. ഇതില്‍ 1005 എണ്ണം അന്താരാഷ്ട്ര ഫ്‌ളൈറ്റുകളാണ്. ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്ന സ്ഥിതിയാണ്. .

ആഭ്യന്തര റൂട്ടിലും അന്താരാഷ്ട്ര റൂട്ടിലും തിരുവനന്തപുരത്തുനിന്ന് യാത്രക്കാര്‍ ധാരാളമുണ്ട്. ശരാശരി 90 ശതമാനം യാത്രക്കാര്‍ ഓരോ ഫ്‌ളൈറ്റിലും യാത്ര ചെയ്യുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുക്കണം. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താളങ്ങളില്‍ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത് ചെയ്താല്‍ കൂടുതല്‍ ലാഭകരമായി സര്‍വീസ് നടത്താന്‍ കമ്പനികള്‍ക്ക് കഴിയും. തിരുവനന്തപുരത്തുനിന്ന് കിഴക്കന്‍ ഏഷ്യയിലേക്ക് ഇപ്പോള്‍ ബിസിനസ്സ് ക്ലാസ് സൗകര്യമുള്ള സര്‍വീസ് ഒന്നുമില്ല. ബിസിനസ്സ് ക്ലാസ് ഉണ്ടായിരുന്ന സില്‍ക്ക് എയര്‍ അത് നിര്‍ത്തി.

ഗള്‍ഫ് മേഖലയിലേക്കും മറ്റു നഗരങ്ങളിലേക്കും വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്ന കാര്യവും മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിച്ചു. ഉത്സവ സീസണില്‍ മൂന്നു മുതല്‍ അഞ്ചിരട്ടി വരെയാണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. 2017 മേയില്‍ വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ ഉണ്ടായ ധാരണയ്ക്ക് വിരുദ്ധമാണിത്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരെ നിരക്ക് വര്‍ധന കൂടുതല്‍ പ്രയാസത്തിലാക്കുന്നു. ഉത്സവ സീസണില്‍ മുന്‍കൂട്ടി അധിക ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. അതുകൊണ്ട് ഉത്സവ സീസണിലെ ഷെഡ്യൂള്‍ നേരത്തെ പ്രഖ്യാപിക്കണം. അമിത നിരക്ക് ഈടാക്കുന്നതു തടയാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇടപെടണം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗള്‍ഫിലൂടെയല്ലാതെ നേരിട്ടുള്ള വിമാനസര്‍വ്വീസ് വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് കൂടുതല്‍ സര്‍വീസുകള്‍ തിരുവനന്തപുരത്തു നിന്നും മറ്റ് വിമാനത്താവളങ്ങളില്‍ നിന്നും ഏര്‍പ്പെടുത്താന്‍ കമ്പനികള്‍ തയ്യാറായാല്‍ വിമാന ഇന്ധന നികുതി നിരക്ക് ഇനിയും കുറയ്ക്കാന്‍ കേരളം സന്നദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.


Other News in this category4malayalees Recommends