ഫ്‌ളോറിഡയില്‍ മലയാളി എന്‍ജനീയറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടാകത്തില്‍ വീണു 3 പേര്‍ മരിച്ചു

ഫ്‌ളോറിഡയില്‍ മലയാളി എന്‍ജനീയറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടാകത്തില്‍ വീണു 3 പേര്‍  മരിച്ചു
മയാമി : ഫ്‌ളോറിഡയില്‍ മലയാളി എന്‍ജനീയറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടാകത്തില്‍ വീണു 3 പേര്‍ മരിച്ചു. മലയാളി എന്‍ജിനീയറായ ബോബി മാത്യു(46), ഭാര്യ ഡോളി (42), മകന്‍ സ്റ്റീവ് (15) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6:30 ന് അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ടു തടാകത്തിലേക്ക് താഴ്ന്ന് അപകടത്തില്‍പ്പെടുകയായിരുന്നു. ബോബി മാത്യു സംഭവസ്ഥലത്തുവെച്ചും മറ്റു രണ്ടുപേര്‍ നോര്‍ത്ത് ബ്രോവാര്‍ഡ് ആശുപത്രിയില്‍വെച്ചും മരിക്കുകയായിരുന്നു. ഈ ദമ്പതികളുടെ മൂത്തമകന്‍ ഓസ്റ്റിന്‍ മാത്യു സംഭവസമയത്തു കാറില്‍ ഇല്ലായിരുന്നു.

മയാമി മോട്ടറോള കമ്പനിയില്‍ സീനിയര്‍ എഞ്ചിനിയറായിരുന്ന ബോബി അടുത്തകാലത്താണ് ഡാളസ്സിലുള്ള കമ്പനിയില്‍ നിയമിതനായത് . ഡോറിയന്‍ ഹരിക്കയിന്‍ പ്രമാണിച്ചു കഴിഞ്ഞ വ്യാഴാച്ചയാണ് ബോബി മയാമിലുള്ള വീട്ടിലേക്കു വന്നത് . തിരികെ ഫോര്‍ട്ട് ലൗഡേര്‍ഡൈല്‍ എയര്‌പോര്ട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് സഞ്ചരിച്ചിരുന്ന കാര്‍ തെന്നിമാറി തടാകത്തില്‍ താഴ്ന്നത് . ഉടന്‍തന്നെ രക്ഷിക്കാന്‍ ശ്രമംനടത്തിയെങ്കിലും മഴമൂലം ജലനിരപ്പ് കൂടതലുള്ളതിനാല്‍ മുങ്ങല്‍വിദഗ്ധര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് .

കോതമംഗലം മാതിരപ്പള്ളി കാക്കത്തോട്ടത്തില്‍ റിട്ട. പ്രൊഫസര്‍ (എം .എ കോളേജ് ) മത്തായി പൈലിയുടെ മകനാണ് ബോബി. എറണാകുളം പുത്തന്‍കുരിശ് സ്വദേശിനിയായ ഡോളിക്ക് മാതാവും ഒരു സഹോദരിയുമുണ്ട്. ഡാലസിലുള്ള ബീബ മത്തായി , ഡോ.ജേക്കബ് ജോര്‍ജ് , ഷിക്കാഗോയിലുള്ള ബാബു മാത്യു , ബ്ലെസി മാത്യു എന്നിവര്‍ ബോബിയുടെ സഹോദരങ്ങളാണ്.

സൗത്ത് ഫ്‌ളോറിഡയിലുള്ള സീയോന്‍ അസംബ്ലി സഭയുടെ നേതൃത്വത്തില്‍ ശവസംസ്‌കാര ഒരുക്കങ്ങള്‍ നടന്നുവരുന്നു. ഫ്‌ളോറിഡയിലെ മലയാളി കൂട്ടായ്മകളുടെ സഹകരണവും സാന്നിത്യവുംകൊണ്ട് ആശുപത്രി പരിസരം നിറഞ്ഞിരുന്നു.

ഇന്ത്യന്‍ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സെക്രട്ടറി സുനില്‍ തൈമറ്റം, നവകേരള പ്രസിഡന്റ് ഷാന്റി വര്‍ഗീസ് , കേരള സമാജം പ്രസിഡന്റ് ബാബു കല്ലിടുക്കിയില്‍ , ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസ് , പി. വൈ. എഫ് . എഫ് പ്രസിഡന്റ് ഡോ. ജോജി ഗീവര്‍ഗീസ് എന്നിവര്‍ അനുശോചനം അറിയിച്ചു. സംസ്‌കാരശ്രുശൂഷ വിവരങ്ങള്‍ പിന്നാലെ അറിയിക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ സാം പണിക്കറുമായി ബന്ധപ്പെടേണ്ടതാണ് 954 314 8888





Other News in this category



4malayalees Recommends