പാഠഭാഗങ്ങള്‍ പഠിച്ചില്ല, അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു ; പ്രതിഷേധത്തിനിടെ സ്‌കൂളിന് തീയിട്ട് സഹപാഠികള്‍

പാഠഭാഗങ്ങള്‍ പഠിച്ചില്ല, അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു ; പ്രതിഷേധത്തിനിടെ സ്‌കൂളിന് തീയിട്ട് സഹപാഠികള്‍
അധ്യാപകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിന് തീയിട്ട് വിദ്യാര്‍ത്ഥികള്‍. പാകിസ്താനിലെ ലാഹോറിലാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് തീയിട്ടത്. ഇവിടെയുള്ള അമേരിക്കന്‍ ലൈസ്ടഫ് സ്‌കൂളിലാണ് സംഭവം. അധ്യാപകന്റെ മര്‍ദ്ദനം ഏറ്റതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാല്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. ക്ലാസിലെ പാഠഭാഗങ്ങള്‍ കാണാതെ പഠിക്കാത്തതിനാണ് അധ്യാപകനായ കമ്രാന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. ഇദ്ദേഹം വിദ്യാര്‍ത്ഥിയുടെ വയറിന് തൊഴിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്‌തെന്ന് സഹപാഠികളും വീട്ടുകാരും ആരോപിച്ചു.

നിലവില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പ്രതിഷേധിച്ച് എത്തിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് തീയിടുകയായിരുന്നു. ഇതില്‍ സ്‌കൂളിലെ രണ്ട് മുറികള്‍ കത്തി നശിച്ചതായി അധികൃതര്‍ അറിയിച്ചു.അതേസമയം പാക്കിസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി, മരിച്ച വിദ്യാര്‍ത്ഥിയുടെ വീട്ടുകാരെ സന്ദര്‍ശിച്ചു. സംഭവത്തില്‍ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Other News in this category4malayalees Recommends