ഭാര്യ മരുന്നു കഴിച്ചിരുന്നതിന്റെ ക്ഷീണത്തില്‍ ഉറങ്ങിപ്പോയതാണ് ; ഒന്നര വയസ്സുള്ള കുഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സംഭവത്തില്‍ വിശദീകരണവുമായി പിതാവ്

ഭാര്യ മരുന്നു കഴിച്ചിരുന്നതിന്റെ ക്ഷീണത്തില്‍ ഉറങ്ങിപ്പോയതാണ് ; ഒന്നര വയസ്സുള്ള കുഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സംഭവത്തില്‍ വിശദീകരണവുമായി പിതാവ്
മൂന്നാര്‍ രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും ഒന്നര വയസ്സുള്ള കുഞ്ഞ് പുറത്തേക്ക് തെറിച്ചുവീണ സംഭവത്തില്‍ വിശദീകരണവുമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അച്ഛന്‍ സതീഷ്. മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്‍ ഭാര്യ ഉറങ്ങി പോയതുകൊണ്ടാണ് കുഞ്ഞ് വീണ കാര്യം അറിയാതെ പോയതെന്ന് സതീഷ് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സതീഷ് ഒരു ചാനലിനോട് പ്രതികരിച്ചു.

സതീഷിന്റെയും സത്യഭാമയുടെയും മൂന്ന് മക്കളില്‍ ഇളയ കുട്ടിയാണ് രാജമലയില്‍ വച്ച് വാഹനത്തില്‍ നിന്നും പുറത്തേക്ക് വീണത്. പളനി ക്ഷേത്രത്തില്‍ പോയി ഞായറാഴ്ച രാത്രി തിരികെ വരുമ്പോഴായിരുന്നു സംഭവം. അര്‍ധരാത്രി പന്ത്രണ്ടരയോടെ വീട്ടിലെത്തി വാഹനത്തില്‍ നിന്നും ഇറങ്ങുന്ന സമയത്താണ് കുട്ടി കൂടെയില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇവര്‍ വെള്ളത്തൂവല്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. വെള്ളത്തൂവല്‍ സ്‌റ്റേഷിനില്‍ നിന്നും മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. എന്തായാലും ഇപ്പോള്‍ കുഞ്ഞിനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണിവര്‍. പരുക്കേറ്റ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

അതേസമയം, സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. കുഞ്ഞ് വീണത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് മനസിലായതിനെ തുടര്‍ന്നാണ് കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.

Other News in this category4malayalees Recommends