കാശ്മീരികളെ സഹായിക്കണം ; 75 പാകിസ്ഥാനി ഡോക്ടര്‍മാര്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ പദ്ധതിയിടുന്നു

കാശ്മീരികളെ സഹായിക്കണം ; 75 പാകിസ്ഥാനി ഡോക്ടര്‍മാര്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ പദ്ധതിയിടുന്നു
അതിര്‍ത്തി കടന്ന് 75 പാകിസ്ഥാനി ഡോക്ടര്‍മാര്‍ ഇന്ത്യയിലേക്ക് എത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കാശ്മീരി ജനതയ്ക്ക് സഹായവും ചികിത്സയും നല്‍കുന്നതിനായാണ് ഇവര്‍ ഇന്ത്യപാക് അതിര്‍ത്തി കടക്കുന്നത് എന്നാണ് വിവരം. ഇക്കഴിഞ്ഞ ഞായറാഴ്ചയോടെ ഇവര്‍ പാക് അധീന കാശ്മീരിലെ മുസാഫറാബാദില്‍ എത്തിയിരുന്നു. ഇവിടെ വച്ച് തിങ്കളാഴ്ചയോടെ 100 ഡോക്ടര്‍മാര്‍ കൂടി ഇവരുടെ സംഘത്തിലേക്ക് എത്തിച്ചേരുമെന്നായിരുന്നു പാകിസ്ഥാനി പത്രമായ 'ദ ന്യൂസ് ഇന്റര്‍നാഷണല്‍' റിപ്പോര്‍ട്ട് ചെയ്തത്. ആഗസ്റ്റ് മുപ്പതോടെയാണ് പാകിസ്ഥാനിലെ യൂണിവേഴ്‌സിറ്റി ഒഫ് ഹെല്‍ത്ത് സയന്‍സസും പാകിസ്ഥാന്‍

സൊസൈറ്റി ഒഫ് ഇന്റേര്‍ണല്‍ മെഡിസിനും ചേര്‍ന്ന് കാശ്മീരികളെ സഹായിക്കുന്നതിനായി തങ്ങളുടെ ഡോക്ടര്‍മാരെ നിയന്ത്രണരേഖ കടത്താനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. ഡോക്ടര്‍മാരുടെ കൈവശം ചികിത്സാവശ്യത്തിനായുള്ള മരുന്നുകളും ഇവര്‍ കൊടുത്തുവിട്ടിരുന്നു.

ഡോക്ടര്‍മാരുടെ സംഘത്തെ തടയരുതെന്നും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും തങ്ങള്‍ ഇന്ത്യന്‍ അധികൃതരോട് ആവശ്യപെട്ടിട്ടുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജാവേദ് അക്രം പറയുന്നത്. 21 ഡോക്ടര്‍മാരെ അതിര്‍ത്തി കടത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും, അതിന് സാധിച്ചില്ലെങ്കില്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ മൂന്ന് ഡോക്ടര്‍മാരെയെങ്കിലും അതിര്‍ത്തി കടത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്നും അക്രം പറഞ്ഞു. സെപ്തംബര്‍ അഞ്ചിന് ഇന്ത്യന്‍ ഹൈ കമ്മീഷന്റെ ഫസ്റ്റ് സെക്രട്ടറി ആശിഷ് ശര്‍മയെ അക്രം കണ്ടിരുന്നു. എന്നാല്‍ ഡോക്ടര്‍മാരെ അതിര്‍ത്തി കടത്താന്‍ സൗകര്യം ചെയ്ത് തരില്ല എന്നാണ് ആശിഷ് ശര്‍മ അക്രത്തിനോട് പറഞ്ഞത്. ഒരു ട്രക്ക് മുഴുവന്‍ മരുന്നുകളും മറ്റുമായി ഡോക്ടര്‍മാര്‍ കാശ്മീരിലേക്ക് വരുന്നുണ്ടെന്നും എന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്കറിയില്ലെന്നുമാണ് ജാവേദ് അക്രം അവസാനം പ്രതികരിച്ചത്.

Other News in this category4malayalees Recommends