ശ്രീനാരായണ മിഷന്‍ സെന്റര്‍ വാഷിംഗ്ടണ്‍ ഡി.സി ഗുരുജയന്തിയും ഓണവും ആഘോഷിച്ചു

ശ്രീനാരായണ മിഷന്‍ സെന്റര്‍ വാഷിംഗ്ടണ്‍ ഡി.സി ഗുരുജയന്തിയും ഓണവും ആഘോഷിച്ചു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷന്‍ സെന്റര്‍ വാഷിംഗ്ടണ്‍ ഡി.സി 165മത് ശ്രീനാരായണ ഗുരുജയന്തിയും, ഓണവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.


വാഷിംഗ്ടണ്‍ ഡി.സിക്ക് സമീപമുള്ള ലാനം മുരുകന്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ആഘോഷ പരിപാടികളില്‍ കൊച്ചി സ്‌കൂള്‍ ഓഫ് വേദാന്ത ഡയറക്ടര്‍ സ്വാമി മുക്താനന്ദയതി മുഖ്യാതിഥിയായിരുന്നു. ഉച്ചയ്ക്ക് 11.30ന് ആരംഭിച്ച വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം രണ്ടു മണിയോടെ താലപ്പൊലിയുടേയും വാദ്യഘോഷങ്ങളുടേയും മാവേലി മന്നന്റേയും അകമ്പടിയോടെ നടന്ന വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ പ്രതീകാത്മകമായി ഗുരുദേവ ചിത്രം എഴുന്നള്ളിച്ച് ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുവന്നു. തുടര്‍ന്നു നടന്ന കലാസാംസ്‌കാരിക സമ്മേളനത്തില്‍ സ്വാമി മുക്താനന്ദയതി മുഖ്യ പ്രഭാഷണം നടത്തി. ശ്രീനാരായണ മിഷന്‍ സെന്റര്‍ പ്രസിഡന്റ് ബിന്ദു സന്ദീപ് സ്വാഗതവും, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. പ്രായഭേദമെന്യേ ശ്രീനാരായണ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ സമ്മേളനത്തിന് കൂടുതല്‍ നിറംപകര്‍ന്നു. യുവജന വിഭാഗം നേതൃത്വം നല്‍കി ആലപിച്ച ദൈവദശകം, ഗുരുസ്തവം, മറ്റു ഗുരുദേവകൃതികളുടെ ആലാപനം, കേരളത്തനിമയാര്‍ന്ന തിരുവാതിര തുടങ്ങിയ പരിപാടികള്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.


ശ്രീനാരായണ കുടുംബങ്ങളില്‍ നിന്നുള്ള ഈവര്‍ഷത്തെ ഹൈസ്‌കൂള്‍, കോളജ് ബിരുദധാരികള്‍ക്ക് പ്രശംസാ ഫലകങ്ങള്‍ സമ്മേളനത്തില്‍ വച്ചു സംപൂജ്യ സ്വാമി മുക്താനന്ദയതി വിതരണം ചെയ്തു. ഫിലഡല്‍ഫിയ എസ്.എന്‍.എ പ്രസിഡന്റ് പ്രസാദ് കൃഷ്ണന്‍, എഫ്.എസ്.എന്‍.ഒ.എന്‍.എ പ്രസിഡന്റ് പീതാംബരന്‍ തൈവളപ്പില്‍, എഫ്.എസ്.എന്‍.ഒ.എന്‍.എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കല്ലുവിള വാസുദേവന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.


Other News in this category4malayalees Recommends