ബഹാമസിലേക്ക് മലയാളികളുടെ സഹായഹസ്തം

ബഹാമസിലേക്ക് മലയാളികളുടെ സഹായഹസ്തം
മയാമി: സര്‍വ്വസംഹാരതാണ്ഡവമാടി 'ഡോരിയന്‍' ചുഴലിക്കാറ്റ് ബഹാമസിലെ അബാക്ക ദ്വീപ് തകര്‍ത്ത് തരിപ്പണമാക്കി കടന്നുപോയി. അറ്റ്‌ലാന്റിക് മേഖലയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള അതിശക്തമായ ഹരിക്കേന്‍ 5 കാറ്റഗറിയില്‍പ്പെട്ട ഡോരിയന്‍ മണിക്കൂറില്‍ 175 മൈല്‍ സ്പീഡില്‍ ആഞ്ഞടിച്ച് പതിനായിരങ്ങളെ നിത്യ ദുരിതത്തിലേക്കും, നാല്‍പ്പതിലധികംപേരുടെ ജീവന്‍ അപഹരിച്ച് കാലചക്രവാളത്തില്‍ കറുത്ത അടയാളമായി കടന്നുപോയി.


സമുദ്രനിരപ്പില്‍ നിന്നും 40 അടി മാത്രം ഉയരമുള്ള അബാക്ക ദ്വീപില്‍ മാത്രം ആയിരക്കണക്കിന് വീടുകളില്‍ പ്രളയം കയറി. പതിമൂവായിരം വീടുകള്‍ തകരുകയോ, സാരമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു.


കൊടുങ്കാറ്റ് തകര്‍ത്ത ബഹാമസില്‍ 70,000 പേരാണ് ദുരിതാശ്വാസത്തിനായി കേഴുന്നത്. ഫ്‌ളോറിഡ സംസ്ഥാനത്തിനു തൊട്ടടുത്തുള്ള ഈ ദ്വീപ് രാജ്യത്തിന്റെ നിസ്സഹായതയില്‍ ഒത്തൊരുമയോടുകൂടി ഒരു കൈത്താങ്ങാകുവാന്‍ മയാമിയിലെ മലയാളി സമൂഹം മുന്നിട്ടിറങ്ങി.


മയാമിയിലെ വിവിധ മലയാളി സംഘടനകളുടേയും, വിവിധ മതസമൂഹത്തിന്റേയും പള്ളികളുടേയും നേതൃത്വത്തില്‍ ചുരുങ്ങിയ സമയംകൊണ്ട് ആഹാരസാധനങ്ങളും, പൊതു അവശ്യസാധനങ്ങളും, കുട്ടികള്‍ക്കുള്ള വിവിധ സാധനങ്ങളും, സാനിട്ടറി നാപ്കിനുകളും, കുടിവെള്ളവും തുടങ്ങി ജനറേറ്ററും, ഗ്യാസ് സ്റ്റൗവുകളും മറ്റും ദിവസങ്ങള്‍ക്കകം ശേഖരിച്ചു.


മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും (എം.എ.എസ്.സി) ഓറഞ്ച് വിംഗ് ഏവിയേഷനും സംയുക്തമായി ചേര്‍ന്നു ലഭിച്ച സാധനങ്ങള്‍ തരംതിരിച്ച് പായ്ക്ക് ചെയ്ത് പോംബനോ ബീച്ച് എയര്‍പോര്‍ട്ടില്‍ നിന്നു ഓറഞ്ച് വിംഗ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ചെറുവിമാനങ്ങളില്‍ നേരിട്ട് ബഹാമസില്‍ എത്തിച്ച് മലയാളികള്‍ സഹായ ഹസ്തത്തിന് പുതിയൊരു മാനംകൊടുത്തു.


ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ ദേശീയവും പ്രാദേശികവുമായ വിവിധ സംഘഠനാ ഭാരവാഹികളേയും പ്രതിനിധികളേയും സാക്ഷിനിര്‍ത്തി ഈ സത്കര്‍മ്മം ഫ്‌ളാഗ്ഓഫ് ചെയ്തു.


ഓറഞ്ച് വിംഗ് ഏവിയേഷന്‍ സി.ഇ.ഒ വിപിന്‍ വിന്‍സെന്റ്, മാസ്‌ക് ഭാരവാഹികളായ ജിനോ കുര്യാക്കോസ്, നോയല്‍ മാത്യു, നിധേഷ് ജോസഫ്, അജിത് വിജയന്‍, ജോബി കോട്ടം, ജോഷി ജോണ്‍, മനോജ് കുട്ടി, ഷെന്‍സി മാണി, അജി വര്‍ഗീസ്, വിഷ്ണു ചാര്‍ളി പൊറത്തൂര്‍, രഞ്ജിത്ത് രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Other News in this category



4malayalees Recommends