പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു ; മൂന്നു മാസമായി കരള്‍ രോഗ ചികിത്സയിലായിരുന്നു

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു ; മൂന്നു മാസമായി കരള്‍ രോഗ ചികിത്സയിലായിരുന്നു
നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടന്‍ സത്താര്‍ ഓര്‍മയായി. മൂന്ന് മാസമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണമടയുന്നത്. മരിക്കുമ്പോള്‍ 67 വയസായിരുന്നു. എറണാകുളം കടുങ്ങല്ലൂരില്‍ ഖാദര്‍ പിള്ളയുടെയും ഫാത്തിമയുടെയും പത്ത് മക്കളില്‍ ഒന്‍പതാമനായി ആയിരുന്നു സത്താറിന്റെ ജനനം. കടുങ്ങല്ലൂര്‍ സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സത്താര്‍ ആലുവ യു.സി കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകന്‍ വിന്‍സന്റ് മാസ്റ്റര്‍ ഒരുക്കിയ 'അനാവരണം' എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ ആദ്യമായി നായക വേഷത്തില്‍ എത്തുന്നത്. എന്നാല്‍ അഭിനയ രംഗത്ത് അദ്ദേഹം സജീവമാകുന്നത് 1975ല്‍ എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു. നാല്‍പതോളം വര്‍ഷങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ നൂറോളം വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഇതില്‍ കൂടുതലും വില്ലന്‍ വേഷങ്ങളും നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളുമായിരുന്നു. 1975 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം സിനിമാരംഗത്ത് സജീവമായിരുന്നു.അഭിനയ ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ 22 ഫീമെയില്‍ കോട്ടയം, ഗോഡ് ഫോര്‍ സെയില്‍, നെത്തോലി ഒരു ചെറിയ മീനല്ല, എന്നീ ചിത്രങ്ങളിലായിരുന്നു അദ്ദേഹം വേഷമിട്ടത്. 22 ഫീമെയില്‍ കോട്ടയം, സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്ല്യാണം, ലേലം എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. മലയാളത്തിലെ മുന്‍കാല നടി ജയഭാരതിയുടെ മുന്‍ ഭര്‍ത്താവ് കൂടിയാണ് സത്താര്‍. കൃഷ് സത്താര്‍ മകനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

Other News in this category4malayalees Recommends