ബാള്‍ട്ടിമോര്‍ കൈരളിയുടെ ഓണാഘോഷങ്ങള്‍ ഉജ്വലമായി

ബാള്‍ട്ടിമോര്‍ കൈരളിയുടെ ഓണാഘോഷങ്ങള്‍ ഉജ്വലമായി
ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോറിലെ മലയാളി സംഘടനയായ കൈരളിയുടെ ഓണാഘോഷങ്ങള്‍ ഒരു വേറിട്ട അനുഭമായി. പ്രവാസി മലയാളികളാണ് ഓണം കെങ്കേമമായി ആഘോഷിക്കുക എന്ന സത്യത്തിനു അടിവരയിട്ട ഒരു സംഭവം. ഗതകാല സ്മരണകളെ തൊട്ടുണര്‍ത്താനും, ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളെ സമാശ്വസിപ്പിക്കാനുമുള്ള ഒരു തീവ്രശ്രമം.


ഹാവാര്‍ഡ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ സെപ്റ്റംബര്‍ 14നായിരുന്നു ആഘോഷപരിപാടികള്‍. അനേകം യുവതികളുടെ പൂത്താലങ്ങളും, ബാള്‍ട്ടിമോറിന്റെ സ്വന്തമായ ചെണ്ടമേളവും, വൈവിധ്യമാര്‍ന്ന നാടന്‍ കലാരൂപങ്ങളുടെ സാന്നിധ്യവും മാവേലി മന്നന്റെ വരവിന് അകമ്പടിയേകി. മലയാളത്തനിമ നിറഞ്ഞാടിയ അനേകം നൃത്തനൃത്യ അവതരണങ്ങള്‍ ഒന്നിനൊന്നു മാറ്റുരച്ചു. ഇന്നാട്ടില്‍ ജനിച്ചുവളര്‍ന്ന യുവജനങ്ങള്‍ അവതരിപ്പിച്ചുള്ള ഓണത്തെക്കുറിച്ചുള്ള ലഘുനാടകം ഏറെ ശ്രദ്ധേയമായി. ഏറ്റവും ആകര്‍ഷണീയമായ ഒരു അനുഭവമായിരുന്നു അനേകം മഹിളകള്‍ അവതരിപ്പിച്ച തിരുവാതിര. മാവേലിയും വാമനനും, തൃക്കാക്കരയപ്പനുമൊക്കെ ബാള്‍ട്ടിമോറിലെത്തിയ ഒരു ദിവ്യാനുഭവം. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാരംഭിച്ച പരിപാടികള്‍ ഏകദേശം എട്ടുമണിയോടുകൂടി സമാപിച്ചു.


അതിനുശേഷമായിരുന്നു വിഭവസമൃദ്ധമായ ഓണസദ്യ. പ്രസിഡന്റ് ടിസണ്‍ തോമസിന്റേയും, ഭരണസമിതിയുടേയും നിര്‍ബന്ധമായിരുന്നു തനി നാടന്‍ രുചി പകരുന്ന സദ്യ വേണമെന്നത്. തൂശനില ഇടത്തോട്ടിട്ട് ഉപ്പ്, ഉപ്പേരിയില്‍ തുടങ്ങി ഇരുപതില്‍പ്പരം വിഭവങ്ങള്‍ പ്രവാസിക്ക് മലയാളക്കരിയിലേക്കുള്ള ഒരു മടക്കയാത്രയായി. ആഘോഷങ്ങള്‍ക്കൊപ്പം പായസ മത്സരം, ദമ്പതികള്‍ക്കായി തനി ഓണ വസ്ത്രധാരണ മത്സരം എന്നിവയും പരിപാടികള്‍ക്ക് ആവേശം പകര്‍ന്നു. നൂറുകണക്കിന് കുടുംബങ്ങളാണ് മാവേലി നാടുവാണ ആ സുന്ദര കാലഘട്ടത്തിലേക്ക് ഒരു മടക്കയാത്ര നടത്തിയത്. എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍ ആല്‍വിന്‍ അലുവത്തിങ്കലിന്റെ നേതൃത്വത്തില്‍ വലിയ ഒരുസംഘം മാസങ്ങളായി നടത്തിയ തയാറെടുപ്പുകള്‍ പൂര്‍ണ്ണമായും പൂവണിഞ്ഞു. അടുത്ത വര്‍ഷത്തെ ഓണ പൂവിളികള്‍ക്കായി ആയിരങ്ങള്‍ ബാള്‍ട്ടിമോറില്‍ കാതോര്‍ക്കുന്നു, കാത്തിരിക്കുന്നു.


മോഹന്‍ മാവുങ്കല്‍ അറിയിച്ചതാണിത്.
Other News in this category4malayalees Recommends