ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ ട്രാവല്‍ ഭീമന്‍ തോമസ് കുക്കിന് ഞായറാഴ്ച പൂട്ട് വീഴും; യുകെ മലയാളികളടക്കം ആയിരക്കണക്കിന് ഹോളിഡേ മേയ്ക്കര്‍മാര്‍ വിദേശങ്ങളില്‍ പെട്ട് പോയി; ഇവരെ തിരിച്ച് കൊണ്ടു വരാന്‍ പാടുപെട്ട് ബ്രിട്ടീഷ് അധികൃതര്‍

ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ ട്രാവല്‍ ഭീമന്‍ തോമസ് കുക്കിന് ഞായറാഴ്ച പൂട്ട് വീഴും; യുകെ മലയാളികളടക്കം ആയിരക്കണക്കിന് ഹോളിഡേ മേയ്ക്കര്‍മാര്‍ വിദേശങ്ങളില്‍ പെട്ട് പോയി;  ഇവരെ തിരിച്ച് കൊണ്ടു വരാന്‍ പാടുപെട്ട് ബ്രിട്ടീഷ് അധികൃതര്‍
178 വര്‍ഷം പ്രായമുള്ള യുകെയിലെ ട്രാവല്‍ ഭീമനായ തോമസ് കുക്കിന് ഞായറാഴ്ച താഴ് വീഴുമെന്ന് ഏതാണ്ടുറപ്പായി. കടുത്ത കടബാധ്യതയെ തുടര്‍ന്നാണ് ഏറ്റവും പ്രായമേറിയ ഈ ട്രാവല്‍ ഫേം പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതമാകുന്നത്.ഇതോടെ തോമസ് കുക്കിന് കീഴില്‍ ബുക്ക് ചെയ്ത് വിവിധ രാജ്യങ്ങളില്‍ ഹോളിഡേക്ക് പോയ യുകെ മലയാളികള്‍ അടക്കമുളളവര്‍ വിവിധ രാജ്യങ്ങളില്‍ പെട്ട് പോയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരെ തിരിച്ച് കൊണ്ടു വരുന്നതിനായി ബ്രിട്ടീഷ് അധികൃതര്‍ കടുത്ത ശ്രമങ്ങളാരംഭിച്ചിട്ടുമുണ്ട്.

16 രാജ്യങ്ങളിലായി പ്രവര്‍ത്തന ശൃംഖലകളുള്ള തോമസ് കുക്കിന് താഴ് വീഴുന്നതോടെ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടപ്പെട്ട് കഞ്ഞികുടി മുട്ടുകയും ചെയ്യും. വിവിധ രാജ്യങ്ങളില്‍ പെട്ട് പോയിരിക്കുന്ന 1,80,000 പേരെ തിരിച്ചെത്തിക്കുന്നതിനായി ബ്രിട്ടനിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടും സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയും സംയുക്തമായി ഓപ്പറേഷന്‍ മാരത്തോണ്‍ എന്ന പേരില്‍ ത്വരിത പ്രവര്‍ത്തനം തുടങ്ങിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

1841ല്‍ വിക്ടോറിയന്‍ കാബിനറ്റ് മേയ്ക്കറായ തോമസ് കുക്ക് സ്ഥാപിച്ച ഈ സ്ഥാപനത്തിന് 1.6 ബില്യണ്‍ പൗണ്ടിന്റെ കടബാധ്യതയുണ്ടായതിനെ തുടര്‍ന്നാണ് പിടിച്ച് നില്‍ക്കല്‍ അവതാളത്തിലായിരിക്കുന്നത്. തല്‍ഫലമായി ഈ ട്രാവല്‍ ഫേമില്‍ യാത്രക്ക് ബുക്ക് ചെയ്തിരുന്ന നിരവധി പേര്‍ക്ക് നേരത്തെ തന്നെ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. അടച്ച് പൂട്ടലിനെ അതിജീവിക്കുന്നതിനുള്ള ഒടുവിലത്തെ നീക്കമെന്ന നിലയില്‍ തങ്ങളുടെ ലെന്‍ഡര്‍മാരായ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലാന്‍ഡ്, ലോയ്ഡ്സ് ബാങ്ക് തുടങ്ങിയവരുമായി നിര്‍ണായക വിലപേശലാണ് തോമസ് കുക്ക് നടത്തിക്കൊണ്ടിരിക്കുന്നത്.

ചൈനീസ് കമ്പനി ഫോസന്‍ എന്ന തങ്ങളുടെ ഏറ്റവും വലിയ ഓഹരി ഉടമയുമായി യോജിച്ച് ഒരു റെസ്‌ക്യൂ ഡീല്‍ പ്രാവര്‍ത്തികമാക്കാന്‍ നീക്കം നടത്തുന്നുവെന്ന് ജൂലൈയില്‍ തോമസ് കുക്ക് തലവന്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ ആര്‍ബിഎസ് ഉള്‍പ്പെടെയുള്ള ഒരു പറ്റം ബാങ്കുകള്‍ ഈ റെസ്‌ക്യൂ ഡീലിന് എതിരു നിന്നതിനാല്‍ ഇതിലൂടെയും കമ്പനിയെ രക്ഷിക്കാന്‍ സാധിച്ചില്ല. ഈ റെസ്‌ക്യൂ ഡീലിലേക്ക് 200 മില്യണ്‍പൗണ്ട് ഉടന്‍ അനുവദിക്കണമെന്ന് പറഞ്ഞായിരുന്നു ലെന്‍ഡര്‍മാര്‍ ഇതിന് തുരങ്കം വച്ചിരുന്നത്. തല്‍ഫലമായി തോമസ് കുക്കിന് പിടിച്ച് നില്‍ക്കാനാവാത്ത ദുരവസ്ഥയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

Other News in this category4malayalees Recommends