സാമ്പത്തിക പ്രതിസന്ധിയിലും പത്ത് കോടി രൂപ ചെലവില്‍ ബുള്ളറ്റ് പ്രൂഫായിട്ടുള്ള അഞ്ച് കാറുകള്‍ സര്‍ക്കാര്‍ വാങ്ങുന്നു

സാമ്പത്തിക പ്രതിസന്ധിയിലും പത്ത് കോടി രൂപ ചെലവില്‍ ബുള്ളറ്റ് പ്രൂഫായിട്ടുള്ള അഞ്ച് കാറുകള്‍ സര്‍ക്കാര്‍  വാങ്ങുന്നു
വി.വി.ഐ.പികളുടെ സുരക്ഷിത യാത്രയ്ക്കായി പത്ത് കോടി രൂപ ചെലവില്‍ ബുള്ളറ്റ് പ്രൂഫായിട്ടുള്ള അഞ്ച് കാറുകള്‍ സര്‍ക്കാര്‍ വാങ്ങുന്നു. ആഡംബര വിഭാഗത്തില്‍ പെട്ട ലാന്‍ഡ്‌റോവറിന്റെ അഞ്ച് ബുളളറ്റ് പ്രൂഫ് കാറുകളാണ് സര്‍ക്കാരിന് വേണ്ടി പൊലീസ് വാങ്ങുന്നത്. പൊലീസില്‍ നിന്നുളള ആവശ്യപ്രകാരമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും വന്‍തുക ചെലവാക്കി കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തത്.സുരക്ഷാ ഭീഷണിയുളള മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കും ലാന്‍ഡ്‌റോവര്‍ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. പാലാ ഉപതിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷമേ തീരുമാനമുണ്ടാകാന്‍ സാദ്ധ്യതയുളളു.

സെക്രട്ടേറിയേറ്റിലെ അഭ്യന്തരവകുപ്പിന്റെ സെക്ഷനില്‍ നിന്നാണ് ബുളളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നത് സംബന്ധിച്ച നിര്‍ദ്ദേശം വന്നത്. പൊലിസ് സേനയുടെ ആവശ്യപ്രകാരമായിരുന്നു നിര്‍ദ്ദേശം.അതീവ ജാഗ്രതയോടെ സുരക്ഷയൊരുക്കേണ്ട വി.വി.ഐ.പികളുടെ സന്ദര്‍ശന വേളകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാറുകള്‍ കൊണ്ടു വരികയാണ് ഇപ്പോള്‍ ചെയ്യുന്നത്.

രാഹുല്‍ഗാന്ധി കേരളത്തില്‍ നിന്നുളള എം.പിയായതും പ്രധാനമന്ത്രി അടക്കമുളള മറ്റ് ഇസഡ് കാറ്റഗറി സുരക്ഷയുളള പ്രമുഖരും അടിക്കടി കേരളത്തില്‍ എത്തുന്നതും കണക്കിലെടുത്ത് സ്വന്തമായി ബുളളറ്റ് പ്രൂഫ് വാഹനങ്ങളുടെ ശ്രേണി ഉണ്ടാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.

ബുളളറ്റ് പ്രൂഫ് സംവിധാനമുളള മൂന്ന് മിത് സുബുഷി പജേറോ കാറുകളും രണ്ട് മഹീന്ദ്ര കാറുകളും വാങ്ങാനുളള നിര്‍ദ്ദേശം ധനവകുപ്പും അംഗീകരിച്ചു. എന്നാല്‍ ബുളറ്റ് പ്രൂഫ് കാറുകള്‍ പൊലിസിന്റെ ഫണ്ടില്‍ നിന്ന് വാങ്ങുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശം ഉയര്‍ന്നു.ഒപ്പം ബുള്ളറ്റ് പ്രൂഫ് സുരക്ഷയുളള വാഹനങ്ങളില്‍ ദേശീയതലത്തില്‍ ഉപയോഗിക്കുന്ന ലാന്‍ഡ്‌റോവര്‍ വാങ്ങുന്നതാണ് ഉചിതമെന്ന നിര്‍ദ്ദേശവും വന്നു. അങ്ങനെയാണ് പൊലീസ് ആസ്ഥാനത്തെ മോട്ടോര്‍ വാഹനവിഭാഗം എസ്.പി, വാഹനം വാങ്ങാനുളള നടപടി എടുത്തത്. ഈമാസം അവസാനത്തോടെ കാറുകള്‍ എത്തുമെന്ന് പ്രചാരണമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

Other News in this category4malayalees Recommends