സ്വര്‍ണപ്പണയത്തിന്മേല്‍ പലിശയിളവുള്ള കാര്‍ഷിക വായ്പ നല്‍കുന്നത് നിര്‍ത്തലാക്കണം ; റിസര്‍വ് ബാങ്ക് നിയോഗിച്ച കമ്മിറ്റിയുടെ ശിപാര്‍ശയിങ്ങനെ ; കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മാത്രം വായ്പയെന്ന് നിര്‍ദ്ദേശം

സ്വര്‍ണപ്പണയത്തിന്മേല്‍ പലിശയിളവുള്ള കാര്‍ഷിക വായ്പ നല്‍കുന്നത് നിര്‍ത്തലാക്കണം ; റിസര്‍വ് ബാങ്ക് നിയോഗിച്ച കമ്മിറ്റിയുടെ ശിപാര്‍ശയിങ്ങനെ ; കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മാത്രം വായ്പയെന്ന് നിര്‍ദ്ദേശം
സ്വര്‍ണപ്പണയത്തിന്മേല്‍ പലിശയിളവുള്ള കാര്‍ഷിക വായ്പ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച കമ്മിറ്റി ശിപാര്‍ശ. ഹ്രസ്വകാല കാര്‍ഷിക വായ്പകളെല്ലാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മാത്രമാക്കണമെന്നും വായ്പാവലോകനത്തിന് റിസര്‍വ് ബാങ്ക് നിയോഗിച്ച ഇന്റേണല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ശിപാര്‍ശ ചെയ്തു.

സബ്‌സിഡിയോടെ നാലുശതമാനം മാത്രം പലിശയുള്ള സ്വര്‍ണപ്പണയ വായ്പകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ആരോപണം ശരിവെയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. വായ്പ നല്‍കുന്നത് കൃഷിക്കു വേണ്ട ചെലവിന്റെ അടിസ്ഥാനത്തിലല്ല, സ്വര്‍ണത്തിന്റെ അളവനുസരിച്ചാണ്. ആവശ്യമുള്ളതിലും കൂടുതല്‍ ആളുകള്‍ വായ്പയെടുക്കും. സുരക്ഷിതമായതിനാല്‍ ഇത്തരം വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് പ്രത്യേകം താത്പര്യമുണ്ട്. എന്നാല്‍, പണം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടാന്‍ സാദ്ധ്യതയേറെയാണ്. ഇത്തരം വായ്പകള്‍ കര്‍ഷകരുടെ കടബാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതായും കമ്മിറ്റി വിലയിരുത്തി.

കാര്‍ഷികോത്പാദനത്തിന്റെ തോത് കണക്കാക്കിയാല്‍ കേരളമാണ് മുന്നില്‍. സംസ്ഥാനത്തെ മൊത്തം കാര്‍ഷികോത്പാദനത്തിന്റെ 180 ശതമാനമാണ് ഇവിടെ വിതരണംചെയ്യുന്ന കാര്‍ഷിക വായ്പ. തമിഴ്‌നാടാണ് തൊട്ടുപിന്നില്‍. പഞ്ചാബ് ഒഴികെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീരെ പിന്നിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് രാജ്യത്തെ കാര്‍ഷികവായ്പയുടെ മെച്ചപ്പെട്ട പങ്ക് നേടുന്നത്. എന്നാല്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്ക് ശാഖകള്‍ കൂടുതലുള്ളത് വായ്പാവിഹിതം കൂടാന്‍ ഒരു കാരണമാണെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ പറഞ്ഞു.

ഒക്ടോബര്‍ മുതല്‍ സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നേരത്തേ നീക്കമുണ്ടായിരുന്നു. അതു നടപ്പാക്കാന്‍ ഇതിനകം ബാങ്കുകള്‍ക്ക് അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല. പലിശയിളവുള്ള സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ ഈ സാമ്പത്തികവര്‍ഷം നിര്‍ത്തലാക്കാന്‍ ഇടയില്ലെന്നാണ് ബാങ്കിംഗ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Other News in this category4malayalees Recommends