സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതില്‍ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതില്‍ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു
മര്‍ദ്ദമേറ്റതില്‍ മനംനൊന്ത് പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു.കോഴിക്കോട് എലത്തൂര്‍ എസ്.കെ. ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (42) ആണ് ശനിയാഴ്ച രാത്രി 11.30ഓടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഈമാസം 15ന് വൈകുന്നേരം അഞ്ചരയ്ക്ക് റോഡരികിലായിരുന്നു ആത്മഹത്യാശ്രമം. 70 ശതമാനം പൊള്ളലേറ്റ രാജേഷിനെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കണ്ടാലറിയാവുന്ന പത്തോളം പേര്‍ സംഘംചേര്‍ന്ന് ആക്രമിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് രാജേഷ് കോഴിക്കോട് അഞ്ചാംക്ലാസ് മജിസ്‌ട്രേറ്റ് കണ്ണന് മൊഴി നല്‍കിയിരുന്നു. കടുക്ക പറിക്കുന്ന തൊഴിലാളിയായ ഇദ്ദേഹം ഈ മേഖലയില്‍ ജോലി ഇല്ലാതായതോടെ വായ്പയെടുത്ത് പുതിയ ഓട്ടോ വാങ്ങിയെങ്കിലും സ്റ്റാന്‍ഡില്‍നിന്ന് ഓടിക്കാന്‍ സി.ഐ. ടി.യു. യൂണിയന്‍കാര്‍ അനുവദിച്ചില്ലെന്നും പലപ്പോഴായി തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നുമാണ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി.

സംഭവത്തില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകരെ കഴിഞ്ഞദിവസം എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഭാര്യ: രജിഷ. അച്ഛന്‍: പരേതനായ അച്യുതന്‍. അമ്മ: ഗൗരി.

Other News in this category4malayalees Recommends