ഇംഗ്ലണ്ടിലെ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ റദ്ദാക്കുമെന്ന് ലേബര്‍ പാര്‍ട്ടി; അടുത്ത ആഴ്ചത്തെ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപനം; നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനം; കൈയടികളോടെ പേഷ്യന്റ് ഗ്രൂപ്പുകള്‍

ഇംഗ്ലണ്ടിലെ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ റദ്ദാക്കുമെന്ന് ലേബര്‍ പാര്‍ട്ടി; അടുത്ത ആഴ്ചത്തെ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപനം; നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനം; കൈയടികളോടെ പേഷ്യന്റ് ഗ്രൂപ്പുകള്‍
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ റദ്ദാക്കുമെന്ന് വെളിപ്പെടുത്തി ലേബര്‍ പാര്‍ട്ടി രംഗത്തെത്തി.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച നടക്കുന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വച്ച് നടത്തുന്നതായിരിക്കും. സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിലവില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ സൗജന്യമാണ്. ആ ആനുകൂല്യം ഇംഗ്ലണ്ടിലും നടപ്പിലാക്കുമെന്നാണ് ലേബര്‍ വാഗ്ദാനം ചെയ്യുന്നത്.പുതിയ നീക്കത്തെ പേഷ്യന്റ് ഗ്രുപ്പുകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

നിലവില്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ഓരോ ഐറ്റത്തിനും 9 പൗണ്ട് വീതമാണ് ഈടാക്കുന്നത്. ഇത് പ്രകാരം 2017-18ല്‍ ഇത്തരം ഫീസിനത്തില്‍ 575 മില്യണ്‍ പൗണ്ടാണ് ഈടാക്കിയിരിക്കുന്നത്. ഇത് മൂല്യവത്തായ വരുമാന ഉറവിടമാണെന്നാണ് ഗവണ്‍മെന്റ് പറയുന്നത്.പ്രിസ്‌ക്രിപ്ഷനുകളില്‍ 80 ശതമാനത്തിലധികവും നിലവില്‍ സൗജന്യമായിട്ടാണ് ലഭ്യമാക്കുന്നത്. എന്നാല്‍ ചുരുങ്ങിയ വരുമാനക്കാരോ അല്ലെങ്കില്‍ ദീര്‍ഘകാല ചികിത്സ വേണ്ടി വരുന്നവരോ ആയവര്‍ക്ക് ഇത്തരം ഫീസ് നല്‍കേണ്ടതില്ല.

ഇന്‍കം സപ്പോര്‍ട്ട് ലഭിക്കുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, 60 വയസിന് മേല്‍ പ്രായമുള്ളവര്‍, എന്നീ കാറ്റഗറികളിലുള്ളവര്‍ എന്നിവരും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. ടൈപ്പ് 1, ടൈപ്പ് 2 എന്നീ ഇന്‍സുലിന്‍ എടുക്കുന്നവര്‍, അണ്ടര്‍ ആക്ടീവ് തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും ഇത്തരം ചാര്‍ജുകള്‍ ബാധകമല്ല. എന്നാല്‍ ഓവര്‍ ആക്ടീവ് തൈറോയ്ഡ്, ആസ്ത്മ, തുടര്‍ച്ചായ കിഡ്‌നി രോഗമുള്ളവര്‍, റുമട്ടോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ പ്രശ്‌നങ്ങളുള്ളവരില്‍ നിന്നും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്.

1968ലാണ് ഇത് സംബന്ധിച്ച നിയമങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടിരുന്നത്. സൗജന്യ ചികിത്സക്ക് യോഗ്യത നേടാത്തവര്‍ പ്രീപേമെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വര്‍ഷത്തില്‍ 104 പൗണ്ട് ചെലവഴിക്കേണ്ടി വരുന്നുണ്ട്. ബ്രൈറ്റണില്‍ അടുത്ത ആഴ്ച നടത്തുന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വച്ച് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാതന്‍ ആഷ് വര്‍ത്ത് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതായിരിക്കും.ഇത്തരത്തില്‍ വര്‍ധിച്ച പ്രിസ്‌ക്രിഷന്‍ ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നതിനെ തുടര്‍ന്ന് രോഗികള്‍ ചികിത്സ തേടാത്ത അപകടകരമായ സാഹചര്യങ്ങള്‍ വരെയുണ്ടെന്നാണ് ജോനാതന്‍ പറയുന്നത്.

Other News in this category4malayalees Recommends