അമാനുഷിക ശക്തി തേടി ദുര്‍മന്ത്രവാദം ; ഏഴു വയസ്സുകാരനെ നരബലി നല്‍കി 14 കാരന്റെ ക്രൂരത

അമാനുഷിക ശക്തി തേടി ദുര്‍മന്ത്രവാദം ; ഏഴു വയസ്സുകാരനെ നരബലി നല്‍കി 14 കാരന്റെ ക്രൂരത
ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഏഴു വയസ്സുകാരനെ നരബലി നല്‍കി 14 കാരന്റെ ക്രൂരത. ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. അമാനുഷിക ശക്തിയുള്ള മന്ത്രവാദിയാകുന്നതിന് വേണ്ടിയാണ് 14 കാരന്‍ അയല്‍വാസിയായ ഏഴുവയസുകാരന്‍ രുദ്രനായകിനെ ബലി നല്‍കിയത്.

ശനിയാഴ്ചയാണ് സംഭവം. വീടിന് സമീപം കളിക്കാന്‍ പോയ കുട്ടിയെ തൊട്ടടുത്ത കുളത്തില്‍ നിന്നു കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രുദ്ര നായക് മരിച്ചിരുന്നതായി ഖരഗ്പൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. അയല്‍വാസിയുടെ വീടിനകത്ത് രക്തപാടു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിയെ സംശയിക്കാന്‍ ഇടയായത്.

കൊല്‍ക്കത്തയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ നിരഞ്ജന്‍ബര്‍ ഗ്രാമത്തിലാണ് സംഭവം. പ്രതിയേയും മാതാപിതാക്കളേയും വിട്ടു നല്‍കണമെന്ന ആവശ്യവുമായി സദത്പുര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ ഗ്രാമവാസികള്‍ പ്രതിഷേധം നടത്തിയതോടെയാണ് കൊലപാതകം പുറം ലോകമറിഞ്ഞത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ദുര്‍മന്ത്രവാദം പരിശീലിപ്പിച്ചതിന്റെ പേരില്‍ 14 കാരന്റെ മാതാപിതാക്കളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഏഴുപേര്‍ ഇതിനോടകം പിടിയിലായി. ഇവരെ ചോദ്യം ചെയ്തുവരികയാണ്, പോലീസ് സൂപ്രണ്ട് പറഞ്ഞു.

മകന്‍ കളിക്കാന്‍ പോയി ഏറെ നേരമായിട്ടും തിരിച്ചെത്തിയില്ല. ഗ്രാമവാസി പറഞ്ഞത് അയലത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നായിരുന്നു. അവിടെ അന്വേഷിച്ചപ്പോഴും കണ്ടില്ലെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. എന്നാല്‍ പ്രതിയായ 14 കാരനെ വീട്ടിലെ മുറിയില്‍ കണ്ടെത്തി, മരിച്ച കുട്ടിയുടെ പിതാവ് പറയുന്നു.

രുദ്ര എവിടെ എന്ന് അവനോട് ചോദിച്ചപ്പോള്‍ ദൈവദൂതര്‍ വന്ന് മകനെ കൂട്ടിക്കൊണ്ടുപോയെന്ന് അവന്‍ മറുപടി നല്‍കി. പിന്നീട് അന്വേഷണത്തില്‍ കുളത്തില്‍ നിന്ന് കണ്ടെത്തി. കയ്യും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം.പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Other News in this category4malayalees Recommends