ഇടതു സംഘടനാ പ്രവര്‍ത്തകര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയായി പി എസ് സി യെ മാറ്റുന്നത് അനുവദിക്കില്ല; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ഇടതു സംഘടനാ പ്രവര്‍ത്തകര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയായി പി എസ് സി യെ മാറ്റുന്നത് അനുവദിക്കില്ല; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലേക്കുള്ള പുതിയ റാങ്ക് ലിസ്റ്റില്‍ അട്ടിമറി നടത്തി ഇടതുസര്‍വീസ് സംഘടനാ നേതാക്കളെ തിരുകിക്കയറ്റിയ പി എസ് സി യുടെ വിശ്വാസ വഞ്ചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിച്ച യുവജനമാര്‍ച്ചില്‍ സംഘര്‍ഷം. പ്ലാമൂട് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥി -യുവജനങ്ങള്‍ അണിനിരന്നു. മാര്‍ച്ച് പി.എസ്.സി. സംസ്ഥാന ഓഫീസിന്റെ മുഖ്യകവാടത്തിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡിനെ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ശേഷം നടന്ന പ്രതിഷേധ സംഗമം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന യുവജനങ്ങള്‍ തങ്ങളുടെ സമയവും സമ്പത്തും ചെലവഴിച്ചാണ് പി എസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്. എന്നാല്‍ അവര്‍ വഞ്ചിക്കപ്പെടുകയും പി എസ് സി യുടെ വിശ്വാസ്യത തകര്‍ക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കള്‍ പി എസ് സി പരീക്ഷകള്‍ അട്ടിമറിച്ചാണ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത്. പി എസ് സി എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി സര്‍വീസ് കമ്മിഷന്‍ എന്നായി മാറിയിരിക്കുന്നു. ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരെ കുടിയിരുത്താനുള്ള ഇടങ്ങളാക്കി പി എസ് സി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ മാറ്റുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെയും പി എസ് സി യുടെയും നീക്കം വകവെച്ചു കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് നിസാര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് മുജീബ് റഹ്മാന്‍, നജ്ദ റൈഹാന്‍, സെക്രട്ടറി അജീഷ് കിളിക്കോട്ട്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദില്‍ മുരുക്കുംപുഴ എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ സംഗമത്തെ തുടര്‍ന്ന് ഗേറ്റിനു മുന്നില്‍ ഇരുന്ന് ഓഫീസ് ഉപരോധിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്താണ് നീക്കിയത്. സംസ്ഥാന നേതാക്കളായ എസ് മുജീബ് റഹ്മാന്‍, നജ്ദ റൈഹാന്‍, ആദില്‍ മുരുക്കുംപുഴ, അമീന്‍ റിയാസ്, ബിബിത വാഴച്ചാല്‍, എസ് എം മുഖ്താര്‍, ജില്ലാ നേതാക്കളായ നബീല്‍ പാലോട്, ഹന്ന ഫാത്തിമ, ഇമാദ് വക്കം, ജാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റില്‍ പ്രതിഷേധിച്ച് വിവിധ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സംസ്ഥാന നേതാക്കളായ ഷെഹിന്‍ ഷിഹാബ്, വസീം അലി, ജില്ലാ നേതാക്കളായ ആരിഫ് സലാഹ്, നാസിഹ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Other News in this category4malayalees Recommends