മാധ്യമങ്ങള്‍ പെരുകി; വാര്‍ത്തകളുടെ വിശാല ലോകം ചുരുങ്ങി: എം,ജി. രാധാകൃഷ്ണന്‍

മാധ്യമങ്ങള്‍ പെരുകി; വാര്‍ത്തകളുടെ വിശാല ലോകം ചുരുങ്ങി: എം,ജി. രാധാകൃഷ്ണന്‍

ന്യൂജേഴ്സി: മാധ്യമങ്ങളുടെ എണ്ണം പെരുകി വരുന്നത് മൂലം വാര്‍ത്തകള്‍ പരിമിതമായ ചുറ്റുപാടുകളിലേക്കു ചുരുങ്ങുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം. ജി. രാധാകൃഷ്ണന്‍.


ഒരു കാലത്തു വാര്‍ത്തകളുടെ വിശാലമായ ലോകത്തു എത്തിപ്പെടാന്‍ പെടാപ്പാടു പെട്ടിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ മാധ്യമങ്ങളുടെ തള്ളിക്കയറ്റം മൂലം വാര്‍ത്തകളുടെ ചെറിയ ലോകത്തേക്ക് മാറിയെന്നും ഇന്ത്യാ പ്രസ് ക്ലബ് എട്ടാമത് ദേശീയ കോണ്‍ഫറെന്‍സിനോടനുബന്ധിച്ചു 'ഇന്നത്തെ മാധ്യമങ്ങള്‍പ്രസക്തിയും വെല്ലുവിളികളും' എന്ന സെമിനാറില്‍ അദ്ധേഹം പറഞ്ഞു.

40 വര്‍ഷം മുന്‍പ് താന്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച കാലത്തെ അവസ്ഥയല്ല ഇന്ന്. അന്ന് വാര്‍ത്തയ്ക്കു പിന്നാലെയുള്ള പരക്കം പാച്ചില്‍ ഒരു പരവേശമായിരുന്നു. ഇന്ന് ലോകം ഒരു ഗ്ലോബല്‍ വില്ലജ് ആയി മാറിയപ്പോള്‍ വാര്‍ത്തയ്ക്കു വേണ്ടിയുള്ള എത്തിപ്പെടല്‍ കൈയെത്തും ദൂരത്തായി.

വിരല്ത്തുമ്പത്തു വാര്‍ത്തകള്‍ എത്തുന്ന ഇന്നത്തെ കാലത്തേ സാങ്കേതിക അതിപ്രസരവും വാര്‍ത്താ ലോകത്തെ പരിമിതമായ ചുറ്റുപാടുകളിലേക്ക് എത്തിക്കുന്നത് മാധ്യമപ്രവര്‍ത്തകനു ഭീഷണിയാണ്. ഇതുനു പുറമെ രാജ്യത്ത് കുറേകാലമായി നിലനിന്നുവരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളും അരാഷ്ട്രീയ സ്ഥിതിഗതികളും മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉളവാക്കുന്നത്. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ മൂലം നിലനില്‍പ്പിനായി പലപ്പോഴും മാധ്യമ മൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കേണ്ടി വരുന്നുണ്ടെന്ന സത്യം അദ്ധഹം തുറന്നു സമ്മതിച്ചു.

ഇന്ന് രാജ്യത്തു സംഭവിക്കുന്ന എല്ലാ കാര്യങ്ങളും 24 മണിക്കൂറും മാധ്യമ ഇടപെടലുകളുടെ ഭാഗമായി മാറി. അല്ലെങ്കില്‍ അവര്‍ അങ്ങനെയാക്കിത്തീര്‍ത്തു. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം മാധ്യമങ്ങള്‍ അവരുടെ ശക്തി തെളിയിച്ചു കഴിഞ്ഞു.

നിമിഷങ്ങള്‍ കൊണ്ട് വാര്‍ത്തകളെ കീഴടക്കാന്‍ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകള്‍ വഴി സാധിക്കുന്നു. ഒരു വശത്തു സാങ്കേതികവിദ്യ മുന്നേറുമ്പോള്‍ മറുവശത്തു കൂണു പോലെ പെരുകിയ മാധ്യമ വ്യൂഹങ്ങള്‍ ഏറെ ചെറുതായിപ്പോയ ലോകത്തെവിടെയാണ് അവരുടെയിടം കണ്ടെത്തുകയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു. അപ്പോഴാണ് നിലനില്‍പ്പു പ്രശ്നം ഉടലെടുക്കുന്നത്. സാമ്പത്തിക ശാസ്ത്ര സിദ്ധാന്തമായ ഡിമാന്‍ഡ് സപ്ലൈ തിയറി പോലെയാണ് ഇന്ന് ദൃശ്യ മാധ്യമമേഖല. ടി വി തുറന്നാല്‍ ആയിരക്കണക്കിന് ചാനലുകള്‍. ചാനലുകള്‍ കുറഞ്ഞാല്‍ ഓരോ ചാനലിനും കാഴ്ച്ചക്കാര്‍ കൂടും. ചാനലുകള്‍ കൂടിയാലോ മറിച്ചാകും.

നിലനില്‍പിനായി പുതുതായി ഉടലെടുത്ത മാര്‍ക്കറ്റ് അടിസ്ത്രുത ജേര്‍ണലിസം വിട്ടുവീഴ്ചകള്‍ക്കു പ്രേരിപ്പിക്കുന്നു. ഇത്തരം മൂല്യച്യുതിക്ക് വിധേയമായില്ലെങ്കില്‍ നിലനില്പ്പ് തന്നെ ഭീഷണിയിലാകും.

പത്രം, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളെല്ലാം പൗരാണിക മാധ്യമങ്ങളായാണ് പുതുതലമുറ ഇപ്പോള്‍ കണക്കാക്കി വരുന്നത്. സോഷ്യല്‍ മീഡിയ അഥവാ സമൂഹ മാധ്യമങ്ങളുടെ അതിപ്രസരവും അമിത സ്വാതന്ത്ര്യവും മുഖ്യധാരാ മാധ്യമങ്ങള്‍ക്കു വെല്ലിവിളിയാകാറുണ്ട്. യുവജനങ്ങള്‍ മുഖ്യധാരാ മാധ്യമ രംഗത്തുനിന്നു മാറിനില്‍ക്കുമ്പോഴും അവര്‍ അറിയാനുള്ളത് സോഷ്യല്‍ മീഡിയ വഴിയും ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിന്‍ വഴിയും അറിയുന്നുണ്ട്.അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തകരെ അങ്ങേയറ്റം ഇകഴ്ത്തിക്കാട്ടുന്ന അവസ്ഥയിലേക്കാണ് ഇക്കാര്യങ്ങളെല്ലാം എത്തിച്ചട്ടുള്ളത്. കേരളത്തില്‍ ഒരു വിഭാഗം അഭിഭാഷകരും ചില മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ കോടതികളില്‍ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിയെ ജനം സ്വാഗതം ചെയ്തു. പൊതുജനനങ്ങള്‍ക്കു അറിയുവാനുള്ള അവകാശമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുക വഴി നിഷേധിക്കപ്പെട്ടത്. മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായ കാലയളവില്‍ നിരവധി സുപ്രധാന കേസുകളുടെ വിവരം ആരും അറിയാതെ പോയി. സമൂഹത്തിനു അറിയാനുള്ള അവകാശമാണ് ഇല്ലാതായതെന്നു തിരിച്ചറിയുന്നില്ല. കാരണം മാധ്യമങ്ങള്‍ അത്ര വിമര്‍ശിക്കപ്പെടുന്ന കാലഘട്ടമാണിത്.

മാധ്യമ പ്രവര്‍ത്തകര്‍ ഒരുപാടു ഭീഷണികളെയാണ് നേരിടേണ്ടി വരുന്നത്. ആന്തരികവും ബാഹ്യവുമായ ഭീഷണികളുണ്ട്. ലോക രാജ്യങ്ങളില്‍ മാധ്യമ സ്വാത്രന്ത്യത്തില്‍ ഇന്ത്യ അഫഗാനിസ്ഥാനു പിറകില്‍ 138 മത് സ്ഥാനത്താണു എത്തിനില്‍ക്കുന്നത് എന്ന് അറിയുമ്പോള്‍ അവസ്ഥഊഹിക്കാവുന്നതാണ്.

വര്‍ഗീയത എന്ന ഒരൊറ്റ കാരണത്താല്‍ ഇന്ത്യയിലെ ജനധിപത്യം കശാപ്പു ചെയ്യപ്പെടുന്ന അവസ്ഥയാണ്. സ്വന്തം ബാങ്കില്‍ നിന്ന് നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ പറ്റാത്ത സാമ്പത്തിക ദുരന്തമാണ്നാം ഇന്ത്യയില്‍ കണ്ടു വന്നത്. നോട്ടു നിരോധനവും അടിച്ചേല്‍പ്പിക്കപ്പെട്ട ജി.എസ്.ടി യും ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളുടെ മൗലികാവകാശങ്ങള്‍ വരെ നിഷേധിക്കപ്പെട്ട അവസ്ഥയില്‍ എത്തിച്ചു. എന്നിട്ടും അവര്‍ താന്നെ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചു വന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് മെജോറിറ്റേറിയനിസം എന്ന പേരിലുള്ള വര്‍ഗീയതയാണ് നാടിനെ മുന്നോട്ടു നയിക്കുന്നത് എന്നാണ്.

ഇത്തരം വര്‍ഗീയതകളും നിയമലംഘനങ്ങളും മാധ്യമങ്ങള്‍ കാണാതെ പോകുന്നത് ഒരു തരം ഉള്‍ഭയം കൊണ്ടാണ്. വിമര്‍ശിച്ചാല്‍ നിലനില്പില്ലെന്ന തരത്തില്‍ മാധ്യമങ്ങള്‍ക്കു കൂച്ചു വിലങ്ങിട്ടു. അടിയന്തിരാവസ്ഥക്കാലത്തു പോലും ഇത്തരം ഭയപ്പാട് ഉണ്ടായിട്ടില്ല. അന്ന് അറസ്റ്റ് ഭയന്ന് പലരും ഒളിച്ചുപോയിട്ടുണ്ട് .ഇന്ന് സ്വതന്ത്ര മാധ്യമങ്ങള്‍ വരെ നിശബ്ദമാകുന്ന കാഴ്ച്ചയാണ്.

മാധ്യമങ്ങളുടെ ചുമതല സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതാണ്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സര്‍ക്കാരുകള്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നത്. അത് യു.പി.എ സര്‍ക്കാരിന്റെ കാലം മുതല്‍ ഉണ്ടായിരുന്നതാണ്. പത്രസമ്മേളനം നടത്തുമ്പോള്‍ അനിഷ്ടമായ ചോദ്യങ്ങള്‍ ഉണ്ടായാല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് സ്ഥലം വിടും. പ്രധാനമന്ത്രി മോദി ഇന്റര്‍വ്യൂ നല്‍കുന്നത് അക്ഷയ് കുമാറിനാണ്. അദ്ദേഹത്തിന് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വരാന്‍ ഭയമാണ്. മന്‍ കീ ബാത്തിലൂടെയാണ് മാധ്യമങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ പറയുന്നത്.

അവിടെ ചോദ്യങ്ങളില്ല ഉത്തരങ്ങളുമില്ല. സര്‍ക്കാര്‍ നടപടിക്രമങ്ങളില്‍ തെറ്റുകള്‍ കണ്ടാല്‍ വിമര്‍ശിക്കണം. എങ്കിലേ തിരുത്താന്‍ കഴിയൂ. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ മതി എന്ന നയമാണ് മോഡി സര്‍ക്കാരിനുള്ളത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങ്ങുമൊക്ക തുടങ്ങി വച്ച മാധ്യമങ്ങളോടുള്ള അകല്‍ച്ച ഇവര്‍ പൂര്‍ണമാക്കി.

മാധ്യമങ്ങളുമായി ഇടപെടുന്നതു ഉചിതാമാണെന്നു ഭരണാധികാരികള്‍ക്ക് തോന്നുന്നില്ല. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നതില്‍ ട്രംപും ഒട്ടും മോശമല്ല. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്ര സംസ്‌കാരമില്ലാത്ത രീതിയില്‍ ഒരു പ്രസിഡണ്ട് തന്റെ പ്രതിയോഗിക്കെതിരെ വാക്കുകള്‍ ഉപയോഗിക്കുന്നത്. പിണറായി വിജയനാണെങ്കില്‍ മാധ്യമങ്ങളെ കാണുന്നത് തന്നെ അലര്‍ജിയാണ്.

തിരുവന്തപുരത്തു എല്ലാ വ്യാഴാച്ചകളിലും നടത്തി വന്നിരുന്ന ക്യാബിനറ്റ് ബ്രിഫിംഗ് എന്ന കീഴ്വഴക്കം പോലും അദ്ദേഹം ഇല്ലാതാക്കി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ക്യാബിനറ്റ് ബ്രീഫിംഗ് നടത്തുന്നത്. സുപ്രധാനമായ സര്‍ക്കാര്‍ ഉത്തരവുകള്‍ പോലും ഇപ്പോള്‍ പ്രസ് റിലീസായോ ഫേസ് ബുക്ക് വഴിയോ ആണ് അറിയിക്കുന്നത്. അപ്പോള്‍ പിന്നെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞു മാറാമല്ലോ.

ജനാധിപത്യം നടക്കുന്നത് പലതരം കീഴ്വഴക്കങ്ങളിലൂടെയാണ്. അതുകൊണ്ടു തെറ്റുകള്‍ കണ്ടാല്‍ ഭരണകൂടത്തെ ചോദ്യം ചെയ്തേ പറ്റൂ.

ശബരിമല വിഷയത്തില്‍ ഒരു പ്രത്യേക ചാനലിന് മാത്രം റേറ്റിംഗ് വര്‍ദ്ധിച്ചത് അവര്‍ കോടതി വിധിക്കെതിരായിരുന്ന ഭൂരിപക്ഷക്കാര്‍ക്കൊപ്പം പക്ഷപാതപരമായി നിന്നതു കൊണ്ടാണ്. റേറ്റിംഗ് കുറഞ്ഞാലും വേണ്ടില്ല കോടതി വിധിയെ മാനിക്കുന്ന പക്ഷത്തായിരിക്കുമെന്നു എല്ലാ മുഖ്യധാരാ മാധ്യമങ്ങളും തീരുമാനിച്ചതു കൊണ്ടു മാണ് അവര്‍ ഒന്നാമതെത്തിയത്. ഭരണഘടന അനുശാസിക്കുന്ന സ്ത്രീപുരുഷ സമത്വമെന്ന നിയമത്തിന്റെ പരിധിയിലാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് പരമോന്നത കോടതി ഉത്തരവിട്ടത്. ശബരിമല സംഭവം കെട്ടടങ്ങിയപ്പോള്‍ ആ ചാനലിലിന്റെ റേറ്റിംഗ് കുത്തനെ താഴെ പോയി പൂര്‍വസ്ഥിതിയില്‍ എത്തി.

നമ്മുടെ സാംസ്‌കാരിക നവോത്ഥാന നായകന്മാരെല്ലാം ആചാരങ്ങള്‍ ലംഘിച്ചു കൊണ്ടാണ് നവോത്ഥാന വിപ്ലവങ്ങള്‍ സൃഷ്ട്ടിച്ചത്. ക്ഷത്രപ്രവേശന വിളംബരം തന്നെ ഒരു ഒരു ഉദാഹരണമാണെന്ന കാര്യം നാം പലപ്പോഴും മറക്കുന്നുരാധാകൃഷ്ണന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ ആക്ടിവിസം വന്നതോടെ ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വന്നു. നമ്മള്‍ വിശ്വസിക്കുന്നതാണ് സത്യം എന്ന ചിന്ത വന്നു. അതാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കാരണം അവര്‍ വിശ്വസിക്കുന്ന കാര്യം മാത്രം അവര്‍ക്കു അറിഞ്ഞാല്‍ മതി.

പക്ഷപാതപരമായി നില്‍ക്കുന്ന ഒരു പത്രത്തിനും സ്ഥായിയായി നിലനില്‍പ്പില്ല. പാര്‍ട്ടി പത്രമായ ദേശാഭിമാനി നിലനില്‍പ്പിനായി നട്ടം തിരിയുകയാണ്. ജനയുഗം ചത്ത് ജീവിക്കുന്നു. കോണ്‍ഗ്രസിന്റെ ദേശീയ പത്രമായ നാഷണല്‍ ഹൊറാള്‍ഡ്, മലയാളം പത്രമായ വീക്ഷണം എന്നിവ ഒരിക്കലും പച്ചപിടിച്ചിട്ടില്ല.

കോര്‍പ്പറേറ്റ് മീഡിയ എന്നത് ബ്ലൈന്‍ഡ് ആയ അന്ധവിശ്വാസമാണ്. കാരണം മുകേഷ് അംബാനി നടത്തിയ ഒരു മാധ്യമങ്ങളും രക്ഷപ്പെട്ടിട്ടില്ല.

സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന പ്രതിച്ഛായ സാങ്കല്‍പ്പികം മാത്രമാണെന്ന് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. സോഷ്യല്‍ മീഡിയഇമേജ് നിലനില്‍ക്കുന്നതല്ല. ഒരു നിയന്ത്രണവുമില്ലാത്ത മാധ്യമമാണ് സോഷ്യല്‍ മീഡിയ. അവിടെ ആര്‍ക്കെതിരെയും വ്യക്തിപരമായി ആക്രമണം നടത്താം. വാര്‍ത്തകള്‍ വ്യാജമായിരിക്കാം. എന്നാല്‍ ചില നല്ല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നറിയാന്‍ കഴിയുന്നുണ്ട്.

ഇന്ന് ജനങ്ങള്‍ക്ക് വേണ്ടതെന്താണോ അത് മാത്രമേ മാധ്യമങ്ങള്‍ഉള്‍ക്കൊള്ളാറുള്ളു. അത് നല്ലതോ ചീത്തയോ ആകാം, സത്യമോ അസത്യമോ ആകാം. അവര്‍ ആഗ്രഹിക്കുന്നതാണ് അവര്‍ക്കു വേണ്ടത്. ഒരു പരിധി വരെ മാധ്യമങ്ങള്‍ക്കുള്ള മൂല്യച്യുതിക്ക് കാരനം ജനങ്ങളുടെ ഈ മനോഭാവമാണ്‌ജോണി പറഞ്ഞു.

എന്ത് നാണം കേട്ട് പണിയും ചെയ്തു റേറ്റിംഗ് കൂട്ടാന്‍ പറ്റില്ലെന്നു പറഞ്ഞ ജോണി ജനങ്ങളുടെ താല്പര്യവുംമാധ്യമ എത്തിക്സും തമ്മില്‍ ഒത്തുപോകുക ഒരു വെല്ലുവിളി തന്നെയാണെന്നും ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ എത്തിക്സില്‍ നിന്ന് വ്യതിചലിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ റേറ്റിംഗില്‍ മുഖ്യധാരാ ചാനലുകള്‍ക്ക് ഒന്നാമതെത്തമായിരുന്നു. അങ്ങനെ എത്തിക്സ് കളഞ്ഞുള്ള നിലപാടുകളും നയം മാറ്റങ്ങളുമൊന്നും ബോധപൂര്‍വം വേണ്ടെന്നു വച്ചതാണെന്നും ജോണി പറഞ്ഞു.

ചാനല്‍ ചര്‍ച്ചകള്‍ കഴിഞ്ഞാല്‍ പിന്നെ അതിന്റെ കമന്റുകളെക്കുറിച്ചു ഒരിക്കലും അന്വേക്ഷിക്കാറില്ലെന്നു മാതൃഭൂമി ന്യൂസ് ഡപ്യൂട്ടി എഡിറ്റര്‍ ഡയറക്ടര്‍ വേണു ബാലകൃഷ്ണന്‍ പറഞ്ഞു. പൗരബോധവും സാമൂഹിക ബോധവും ഉണ്ടാകുമ്പോഴാണ് ഉത്തരവാദിത്വമുണ്ടാകുന്നത്. സമൂഹത്തിനു വികാരം മാത്രമാണുള്ളത്. എന്നാല്‍ മനുക്ഷ്യന് മരണാനന്തരവും മനുഷ്യാവകാശമുണ്ടെന്നു താന്‍ മനസിലാക്കിയത് എറണാകുളത്തെ ജില്ലാ ആശുപത്രിയിലെ നവീകരിച്ച മോര്‍ച്ചറി ഉദ്ഘാടനം ചെയ്യാനെത്തിയ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നടത്തിയ പ്രസംഗത്തിലൂടെയാണെന്നും വേണു പറഞ്ഞു.

ഡോ. കൃഷ്ണ കിഷോര്‍ മോഡറേറ്റര്‍ ആയിരുന്നു.ദി ഹിന്ദുഫ്രണ്ട് ലൈന്‍ സീനിയര്‍ എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, സോഷ്യല്‍ മീഡിയ ഫെയിം ബല്ലാത്ത പഹയന്‍ വിനോദ് നാരായണന്‍, ജനനി എഡിറ്റര്‍ ജെ. മാത്യൂസ്, ഡോ. സാറ ഈശോ. താജ് മാത്യൂ, ഷോളി കുമ്പിളുവേലില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Other News in this category4malayalees Recommends