പൗണ്ട് വിലയില്‍ 0.6 ശതമാനം ഇടിവ്; ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ കോമണ്‍സില്‍ നടന്ന വോട്ടിനോടുള്ള പ്രതികരണം; പ്രതീക്ഷിച്ചത്ര ആഘാതമുണ്ടായില്ലെന്ന് സാമ്പത്തിക വിഗദ്ധര്‍; ഇനി പൗണ്ട് വിലമാറുക പാര്‍ലിമെന്റില്‍ ബ്രെക്‌സിറ്റ് ഡീല്‍ വോട്ടിനിടുമ്പോള്‍

പൗണ്ട് വിലയില്‍ 0.6 ശതമാനം ഇടിവ്; ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ കോമണ്‍സില്‍ നടന്ന വോട്ടിനോടുള്ള പ്രതികരണം;  പ്രതീക്ഷിച്ചത്ര ആഘാതമുണ്ടായില്ലെന്ന് സാമ്പത്തിക വിഗദ്ധര്‍; ഇനി പൗണ്ട് വിലമാറുക പാര്‍ലിമെന്റില്‍ ബ്രെക്‌സിറ്റ് ഡീല്‍ വോട്ടിനിടുമ്പോള്‍
ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നതിന് പിന്തുണച്ച് കോമണ്‍സിലെ എംപിമാര്‍ വോട്ട് ചെയ്തതിനോടുള്ള പ്രതികരണമെന്നോണം പൗണ്ട് വില ഡോളറിനെതിരെ ആദ്യമായി ഇടിവ് രേഖപ്പെടുത്തി. ഇത് പ്രകാരം ഡോളറിനെതിരെ പൗണ്ട് വിലയില്‍ 0.6 ശതമാനം ഇടിവുണ്ടാവുകയും പൗണ്ട് വില 1.29 ഡോളറായിത്തീരുകയുമായിരുന്നു. യൂറോയ്‌ക്കെതിരെ പൗണ്ട് വിലയില്‍ 0.4 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.37 വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഹൗസ് ഓഫ് കോമണ്‍സ് അടിന്തിരമായി ശനിയാഴ്ച യോഗം ചേര്‍ന്നതിനെ തുടര്‍ന്ന് കലുഷിതമായ വ്യാപാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ലണ്ടനിലെ നിരവധി ബാങ്കുകളില്‍ അധിക ജീവനക്കാരെ നിയമിച്ചിരുന്നു.

എന്നാല്‍ കോമണ്‍സില്‍ ബ്രെക്‌സിറ്റിന്റെ പേരില്‍ നിര്‍ണായക തീരുമാനമെടുത്തിട്ടും പ്രതീക്ഷിച്ചത് പോലെ പൗണ്ട് വിലയില്‍ ഇടിവുണ്ടായിരുന്നില്ല.വെള്ളിയാഴ്ച പൗണ്ട് അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് കച്ചവടം ചെയ്യപ്പെട്ടിരുന്നത്. ബ്രെക്‌സിറ്റില്‍ അനവധി വഴിത്തിരിവുകളുണ്ടായി നല്ലൊരു തീരുമാനത്തിലായിരിക്കും അന്തിമമായി എത്തുകയെന്ന ശുഭപ്രതീക്ഷ നിലനില്‍ക്കുന്നതിനാലാണ് പൗണ്ട് വില ഇടിവ് പരിമിതമായതെന്നാണ് ഓന്‍ഡയിലെ മുതിര്‍ന്ന മാര്‍ക്കറ്റ് അനലിസ്റ്റായ ജെഫെറി ഹാലെ പ്രതികരിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിലും നിക്ഷേപകര്‍ക്ക് കുറഞ്ഞ ആശങ്ക മാത്രമേയുള്ളുവെന്നാണ് റാബോബാങ്കിലെ സിനിയര്‍ ഫോറിന്‍ എക്‌സേഞ്ച് സ്ട്രാറ്റജിസ്റ്റായ ജാനെ ഫോലെ പ്രതികരിച്ചിരിക്കുന്നത്. ക്രിയാത്മകമായ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന പ്രതീക്ഷ ശനിയാഴ്ചത്തെ വോട്ടിനെ തുടര്‍ന്നുണ്ടാതിനാലാണ് പൗണ്ട് വില അധികം ഇടിയാതിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ശനിയാഴ്ചത്തെ കോമണ്‍സ് വോട്ടെടുപ്പിനെ തുടര്‍ന്ന് കടുത്ത പ്രതികരണമുണ്ടാകുമെന്ന ആശങ്കയാല്‍ ഡ്യൂട്‌ചെ ബാങ്ക് അടക്കമുള്ള നിരവധി ബാങ്കുകളായിരുന്നു അധിക ജീവനക്കാരെ ഞായറാഴ്ച നിയോഗിച്ചിരുന്നത്.

പാര്‍ലിമെന്റില്‍ ബ്രെക്‌സിറ്റ് ഡീല്‍ വോട്ടിനിടുന്ന വേളയിലായിരിക്കും പൗണ്ടിന്റെ വിലയില്‍ അടുത്ത മാറ്റമുണ്ടാകുകയെന്നാണ് കറന്‍സി അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ശനിയാഴ്ചത്തെ വോട്ടെടുപ്പിന് ശേഷം നോ ഡീലിന് സാധ്യത കുറവാണെന്ന് ബോധ്യപ്പെട്ടതിനാല്‍ പൗണ്ട് വിലയില്‍ ഇനി അധികം ഇടിവുണ്ടാകില്ലെന്നും പ്രവചനമുണ്ട്. നിലവില്‍ നോ ഡീലിന് അഞ്ച് ശതമാനം സാധ്യത മാത്രമേയുള്ളുവെന്നാണ് യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ് പ്രതികരിച്ചിരിക്കുന്നത്.


Other News in this category4malayalees Recommends