യുകെയിലെ ആയിരക്കണക്കിന് ചെറുകിട ബിസിനസുകള്‍ കടുത്ത അപകടഭീഷണിയില്‍; കാരണം ബ്രെക്‌സിറ്റ് തീര്‍ത്ത അനിശ്ചിത്ത്വം; പ്രവര്‍ത്തനച്ചെലവും ബിസിനസ് നിരക്കും കൂടിയതിനാല്‍ മുന്നോട്ട് പോവുക പ്രയാസം; അടുത്ത മാസത്തെ ബജറ്റില്‍ കടുത്ത നടപടി വേണമെന്ന ആവശ്യ ശക്തം

യുകെയിലെ ആയിരക്കണക്കിന് ചെറുകിട ബിസിനസുകള്‍ കടുത്ത അപകടഭീഷണിയില്‍; കാരണം ബ്രെക്‌സിറ്റ് തീര്‍ത്ത അനിശ്ചിത്ത്വം; പ്രവര്‍ത്തനച്ചെലവും ബിസിനസ് നിരക്കും കൂടിയതിനാല്‍ മുന്നോട്ട് പോവുക പ്രയാസം; അടുത്ത മാസത്തെ ബജറ്റില്‍ കടുത്ത നടപടി വേണമെന്ന ആവശ്യ ശക്തം
ബ്രെക്‌സിറ്റ് അനിശ്ചിതത്വം കാരണം യുകെയിലെ ആയിരക്കണക്കിന് ചെറുകിട ബിസിനസുകള്‍ കടുത്ത അപകടഭീഷണി നേരിടുന്നുവെന്ന മുന്നറിയിപ്പ് ശക്തമായി. ബ്രെക്‌സിറ്റ് വോട്ടിന് ശേഷം ബ്രെക്‌സിറ്റിന് മേലുള്ള വിശ്വാസം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഈ അവസ്ഥ സംജാതമായിരിക്കുന്നതെന്നാണ് ഗവണ്‍മെന്റ് മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ അടുത്ത മാസത്തെ ബജറ്റില്‍ ചെറുകിട ബിസിനസുകളെ രക്ഷിക്കുന്നതിനായി അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് ചാന്‍സലറായ സാജിദ് ജാവിദിനോട് ഫെഡറേഷന്‍ ഓഫ് സ്മാള്‍ ബിസിനസസ് (എഫ്എസ്ബി) ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടിയതിനാല്‍ ചെറുകിട ബിസിനസുകള്‍ക്ക് മുന്നോട്ട് പോവുക ബുദ്ധിമുട്ടായിത്തീര്‍ന്നിരിക്കുന്നുവെന്നും അതിനാല്‍ നിര്‍ണായകമായ തോതില്‍ ബിസിനസ് നിരക്കുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടിയിരിക്കുന്നുവെന്നുമാണ് എഫ്എസ്ബി ചാന്‍സലറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ ആയിരക്കണക്കിന് ചെറുകിട ബിസിനസുകള്‍ക്ക് പിടിച്ച് നില്‍ക്കുക അസാധ്യമായിത്തീരുമെന്നും ഇവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു.

ബ്രെക്‌സിറ്റ് വോട്ടിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അനിശ്ചിതത്വം പെരുകി വരുന്നുവെന്നാണ് എഫ്എസ്ബി ചെയര്‍മാനായ മൈക്ക് ചെറി മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ ചെറുകിട ബിസിനസുകളിലേക്ക് ആത്മവിശ്വാസം പകരുന്നതിനായി ആവശ്യമായ ഫണ്ട് അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ചെറി വെളിപ്പെടുത്തുന്നു. ഇതിലൂടെ മാത്രമേ ചെറുകിട ബിസിനസുകള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്നും ഇല്ലെങ്കില്‍ അടുത്ത വിന്റര്‍ കടുത്ത പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ചെറുകിട ബിസിനസ് റേറ്റ്‌സ് ഇളവ് 12,000 പൗണ്ടില്‍ നിന്നും 30,000 പൗണ്ടായി ഉയര്‍ത്തണമെന്നും എഫ്എസ്ബി ആവശ്യപ്പെടുന്നു.ഈ നിര്‍ണായകമായ അവസരത്തില്‍ ബിസിനസ് നിരക്ക് പരിഷ്‌കരണങ്ങള്‍ക്ക് മുന്‍ഗണനയേകണമെന്നാണ് ചെറി ആവശ്യപ്പെടുന്നത്. നിലവിലെ ടാക്‌സ് തികച്ചും അനീതികരണമാണെന്നാണ് ചെറി മുന്നറിയിപ്പേകുന്നത്.ഇത്തരം റേറ്റുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ രാജ്യമാകമാനമുള്ള മിക്ക ചെറുകിട ബിസിനസുകള്‍ക്കും പ്രയാസകരമായിരിക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

Other News in this category4malayalees Recommends