കുവൈത്തില്‍ വാഹനാപകടം; മലയാളി നഴ്‌സ് മരിച്ചു; അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

കുവൈത്തില്‍ വാഹനാപകടം; മലയാളി നഴ്‌സ് മരിച്ചു;  അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

ശനിയാഴ്ച രാത്രിയില്‍ കുവൈറ്റില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സിക്‌സ്ത് റിങ് റോഡില്‍ നഴ്സുമാരുമായി പോയ സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കെ.ഒ.സി.ആശുപത്രിയില്‍ കെ.ആര്‍.എച്ച് കമ്പനിയുടെ കീഴില്‍ നഴ്സായി ജോലി ചെയ്തിരുന്ന മേഴ്സി മറിയക്കുട്ടിയാണ് അപകടത്തില്‍ മരിച്ചത്.


അഹമ്മദി റോഡിനും സിക്സ്ത് റിങ് റോഡിനും ഇടയില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മേഴ്സി ഉള്‍പ്പടെയുള്ളവരുടെ വാഹനം കുവൈറ്റ് സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേഴ്സി ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് വീണുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

റോഡിലേക്ക് വീണ മേഴ്‌സിയുടെ ശരീരത്തിലൂടെ വാഹനത്തിന്റെ പിന്‍ഭാഗത്തെ ചക്രം കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് അഞ്ച് നഴ്സുമാരുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മേഴ്സി മറിയക്കുട്ടിയുടെ ഭര്‍ത്താവ് ബിജു കുവൈറ്റില്‍ തന്നെയാണ് താമസം. മകള്‍ നാട്ടിലാണ്. മേഴ്സി താമസിച്ചിരുന്നത് കുവൈറ്റിലെ അബ്ബാസിയയിലാണ്. പരിക്കേറ്റ മറ്റ് നഴ്സുമാരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Other News in this category



4malayalees Recommends