ഒരുമയുടെ സൗന്ദര്യവും ആഘോഷവുമാണ് ആദ്യഫലപ്പെരുന്നാള്‍ : ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ

ഒരുമയുടെ സൗന്ദര്യവും ആഘോഷവുമാണ് ആദ്യഫലപ്പെരുന്നാള്‍ : ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ

കുവൈറ്റ് : ഒരുമയുടെ സൗന്ദര്യമാണ് ആദ്യഫലപ്പെരുന്നാളെന്നും, ഇല്ലായ്മയിലും വല്ലായ്മയിലും ആയിരിക്കുന്നവരെ സഹായിക്കുവാന്‍ ഒത്തൊരുമിച്ച് കൂടുന്നതിലൂടെ പങ്കിടലിന്റെ അനുഗ്രഹവും ആഘോഷമാക്കി മാറ്റുവാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ ആഹ്വാനം ചെയ്തു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തികൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.


ജലീബ് ഇന്ത്യന്‍ സെന്റ്രല്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ വെച്ചു നടന്ന പെരുന്നാള്‍ ആഘോഷപരിപാടികള്‍ കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ കെ. ജീവാസാഗര്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു കൊണ്ട് നടത്തിയ ഉത്ഘാടന പ്രസംഗത്തില്‍, സംസ്‌ക്കാരവും ആധുനികതയും ഒരുമിപ്പിക്കുന്നതോടൊപ്പം പാരമ്പര്യത്തനിമ കൈവിടാതെ നിലനിര്‍ത്തുന്നതാണ് മലയാളിസമൂഹത്തിന്റെ പ്രത്യേകതയെന്ന് ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.

മഹാഇടവക വികാരി ഫാ. ജേക്കബ് തോമസ് സ്വാഗതവും, ആദ്യഫലപ്പെരുന്നാള്‍-2019 ജനറല്‍ കണ്‍വീനര്‍ ഷൈജു കുര്യന്‍ നന്ദിയും പ്രകാശിപ്പിച്ചു. നാഷണല്‍ ഇവഞ്ചലിക്കല്‍ ചര്‍ച്ച് കുവൈറ്റ് സെക്രട്ടറി റോയ് യോഹന്നാന്‍, കുവൈറ്റ് എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചസ് ഫെല്ലോഷിപ്പ് വൈസ് പ്രസിഡണ്ടും സെന്റ് ബേസില്‍ ഇടവക വികാരിയുമായ ഫാ. മാത്യൂ എം. മാത്യൂ, മഹാഇടവക നിയുക്ത വികാരി ഫാ. ജിജു ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഹമ്മദി സെന്റ് തോമസ് പഴയപള്ളി വികാരി ഫാ. അനില്‍ വര്‍ഗ്ഗീസ്, സെന്റ് സ്റ്റീഫന്‍സ് ഇടവക വികാരി ഫാ. ജോണ്‍ ജേക്കബ്, കുവൈറ്റില്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തിയ ഫാ. ജോണ്‍ തോമസ്, മഹാഇടവക ട്രഷറാര്‍ മോണിഷ് പി. ജോര്‍ജ്ജ്, സെക്രട്ടറി ജിജി ജോണ്‍, ഭദ്രാസന മിഷന്‍ കോര്‍ഡിനേറ്റര്‍ ഷാജി എബ്രഹാം, ഭദ്രാസന കൗണ്‍സില്‍ അംഗം അനില്‍ ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിത രായിരുന്നു.

ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക സുവനീര്‍ കണ്‍വീനര്‍ ടോണി ജോസഫില്‍ നിന്നും ഏറ്റുവാങ്ങി മഹാഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചനു നല്‍കികൊണ്ട് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ പ്രകാശനം ചെയ്തു. ഇടവകയുടെ നവീകരിച്ച വെബ്‌സൈറ്റിന്റെ പ്രകാശനം വെബ്മാസ്റ്റര്‍ ഷാജി വര്‍ഗ്ഗീസിന്റെയും ഡെപ്യൂട്ടി വെബ്മാസ്റ്റര്‍ ജീന്‍ വര്‍ഗ്ഗീസിന്റെ യും സാന്നിധ്യത്തില്‍ മെത്രാപ്പോലിത്താ നിര്‍വ്വഹിച്ചു.

മഹാഇടവകയിലെ സണ്ഡേസ്‌ക്കൂള്‍ കുട്ടികളും, പ്രാര്‍ത്ഥനായോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കുട്ടികള്‍ നേതൃത്വം നല്‍കിയ റോക്കിങ്ങ് ജൂനിയേഴ്‌സ് മ്യൂസിക്കല്‍ ഫ്യൂഷന്‍, പ്രശസ്ത പിന്നണിഗായിക മഞ്ജരി, സിനോവ് രാജ്, അഭിജിത് എന്നിവര്‍ നേതൃത്വം നല്‍കിയ സംഗീത വിരുന്ന്, ദേശീയ മാധ്യമങ്ങളിലൂടെ പ്രശസ്തനായ റോബോ ഗണേഷ് അവതരിപ്പിച്ച റോബോട്ടിക്ക് ഷോ, കേരളത്തനിമയാര്‍ന്ന വസ്ത്രം ധരിച്ചെത്തിയ ദമ്പതികള്‍ക്ക് വേണ്ടിയുള്ള മത്സരങ്ങള്‍, ഊട്ടുപുരയും, തട്ടുകടയും, ചായക്കടയും തയ്യാറാക്കിയ നാടന്‍ രുചിഭേദങ്ങള്‍ എന്നിവ ആദ്യഫലപ്പെരുന്നാള്‍ 2019-ന്റെ ആകര്‍ഷണങ്ങളായി. ആദ്യഫലപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ വമ്പിച്ച ജനാവലിയാണെത്തിച്ചേര്‍ന്നത്.

Other News in this category



4malayalees Recommends