എന്‍എച്ച്എസിന് വേണ്ടി ടോറികളേക്കാള്‍ ചെലവിടുമെന്ന വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടി; 2023-24ലെ ബജറ്റില്‍ 155 ബില്യണ്‍ ഫണ്ട് എന്‍എച്ച്എസിന്; രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് മെച്ചപ്പെടുമെന്നും ലേബര്‍

എന്‍എച്ച്എസിന് വേണ്ടി ടോറികളേക്കാള്‍ ചെലവിടുമെന്ന  വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടി; 2023-24ലെ ബജറ്റില്‍ 155 ബില്യണ്‍ ഫണ്ട് എന്‍എച്ച്എസിന്; രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് മെച്ചപ്പെടുമെന്നും ലേബര്‍
അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ എന്‍എച്ച്എസിന് വേണ്ടി ടോറികളേക്കാള്‍ ചെലവിടുമെന്ന നിര്‍ണായകമായ വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. അതായത് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ 2023-24ല്‍ എന്‍എച്ച്എസിന് വേണ്ടി 155 ബില്യണ്‍ പൗണ്ട് വകയിരുത്തുമെന്നാണ് ലേബര്‍ ഉറപ്പേകുന്നത്. അതായത് ടോറികള്‍ കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസിനായി തയ്യാറാക്കിയ അഞ്ച് വര്‍ഷത്തെ പ്ലാനിലെ ഫ്രണ്ട് ലൈന്‍ ബജറ്റിനേക്കാള്‍ 6 ബില്യണ്‍ പൗണ്ട് കൂടുതലാണിത്.

തങ്ങള്‍ വകയിരുത്തുന്ന കൂടിയ ബജറ്റിലൂടെ എന്‍എച്ച്എസില്‍ രോഗികള്‍ ചികിത്സക്കായി കാത്തിരിക്കുന്ന സമയം വെട്ടിച്ചുരുക്കാനും മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് മെച്ചപ്പെടുത്താനും സാധിക്കുമെന്നും ലേബര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ എന്‍എച്ച്എസിലെ ജീവനക്കാരുടെ ജോലി സമയം വെട്ടിച്ചുരുക്കാനുള്ള ലേബറിന്റെ നീക്കം വര്‍ധിപ്പിക്കുന്ന ഫണ്ടിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും കാരണം എന്‍എച്ച്എസിന് കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നും ടോറികള്‍ മുന്നറിയിപ്പേകുന്നു.

കഴിഞ്ഞ വാര്‍ഷിക കോണ്‍ഫറന്‍സില്‍ ലേബര്‍ പ്രഖ്യാപിച്ചിരിക്കുന്ന വര്‍ക്കിംഗ് അവേര്‍സ് പോളിസിയിലൂടെ ഇവിടുത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ഭാരമുണ്ടാക്കുമെന്നും എന്‍എച്ച്എസിന് ഓരോ വര്‍ഷവും അനാവശ്യ ചെലവുണ്ടാക്കുമെന്നുമാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആരോപിക്കുന്നത്. എന്നാല്‍ ആഴ്ചയില്‍ 32 മണിക്കൂര്‍ ജോലി ചെയ്യണമെന്നത് കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി മരവിപ്പിച്ച് നിര്‍ത്തിയ കാര്യമാണെന്നും അതിനാല്‍ തങ്ങളുടെ നീക്കം എന്‍എച്ച്എസിന് അധികഭാരമുണ്ടാക്കില്ലെന്നുമാണ് ലേബര്‍ ന്യായീകരിക്കുന്നത്.

അതിനാല്‍ ടോറികളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ലേബര്‍ വാദിക്കുന്നു. റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനില്‍ വച്ച് പാര്‍ട്ടിയുടെ നിര്‍ണായകമായ തെരഞ്ഞെടുപ്പ് നയം പ്രഖ്യാപിക്കുന്നതിനിടെയാണ് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാതന്‍ അഷ് വര്‍ത്ത് പുതിയ വാഗ്ദാനം പുറപ്പെടുവിച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി ടോറികള്‍ പിന്തുടര്‍ന്ന് വരുന്ന കടുത്ത ചെലവ് ചുരുക്കല്‍ നയം മൂലം എന്‍എച്ച്എസ് കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നുവെന്നും തങ്ങളുടെ ഫണ്ടിംഗിലൂടെ ഇതില്‍ നിന്നും കരകയറാന്‍ എന്‍എച്ച്എസിന് സാധിക്കുമെന്നും അഷ് വര്‍ത്ത് ഉറപ്പേകുന്നു.

Other News in this category4malayalees Recommends