ശബരിമല യുവതീ പ്രവേശനം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; അക്രമമുണ്ടാക്കിയാല്‍ കര്‍ശന നടപടിയെന്ന് പൊലീസ്; സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷണത്തില്‍

ശബരിമല യുവതീ പ്രവേശനം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; അക്രമമുണ്ടാക്കിയാല്‍ കര്‍ശന നടപടിയെന്ന് പൊലീസ്;  സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷണത്തില്‍

ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളില്‍ ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിധിപറയും. വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. അക്രമമുണ്ടാക്കിയാല്‍ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.


വിധി ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കി. അക്രമ സംഭവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കാണ് പൊലീസ് നീങ്ങുന്നത്.

രാവിലെ 10. 30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെടുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. 2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. യുവതീ പ്രവേശനം അനുവദിച്ച ബെഞ്ചില്‍ രഞ്ജന്‍ ഗൊഗോയ് ഇല്ലായിരുന്നു. ആ ബെഞ്ചില്‍ ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കൊപ്പം യുവതീ പ്രവേശനത്തെ അനുകൂലിച്ചവരാണ് എ. എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി. വൈ. ചന്ദ്രചൂഡ് എന്നിവര്‍.

Other News in this category4malayalees Recommends