റഫാല്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് സുപ്രിംകോടതിയുടെ താക്കീത്. വിധി പൂര്‍ണമായി വായിച്ചിട്ടു വേണം രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തേണ്ടത്. രാഹുല്‍ ഗാന്ധി ഇനി ഇങ്ങനെയുള്ള കാര്യങ്ങളില്‍ സൂക്ഷിച്ച് സംസാരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം കോടതിയലക്ഷ്യ ഹര്‍ജി കോടതി അവസാനിപ്പിച്ചു.
സുപ്രിംകോടതിയുടെ വിധി പരാമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. റഫാല്‍ കേസില്‍ വിധി പറയുന്ന ദിവസം തന്നെയാണ് ഈ ഹര്‍ജിയും സുപ്രിംകോടതി പരിഗണിച്ചതെന്നതും ശ്രദ്ധേയമാണ്.