യുകെയിലെ കെയറര്‍മാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കി ചുരുക്കാന്‍ മുന്നിട്ടിറങ്ങി ഇന്ത്യന്‍ വംശജനായ കെയര്‍ ഇംഗ്ലണ്ട് തലവന്‍; പുതിയ പരിഷ്‌കാരത്തോട് മുഖം തിരിഞ്ഞ കെയറര്‍മാര്‍ 12 മണിക്കൂര്‍ ഷിഫ്റ്റ് തന്നെ വേണമെന്ന പിടിവാശിയില്‍

യുകെയിലെ കെയറര്‍മാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കി ചുരുക്കാന്‍ മുന്നിട്ടിറങ്ങി ഇന്ത്യന്‍ വംശജനായ കെയര്‍ ഇംഗ്ലണ്ട് തലവന്‍; പുതിയ പരിഷ്‌കാരത്തോട് മുഖം തിരിഞ്ഞ കെയറര്‍മാര്‍ 12 മണിക്കൂര്‍ ഷിഫ്റ്റ് തന്നെ വേണമെന്ന പിടിവാശിയില്‍
കെയറര്‍മാരുടെ ജോലി സമയവുമായി ബന്ധപ്പെട്ട തര്‍ക്കം വീണ്ടും മുറുകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യകമാകമാനമുള്ള കെയറര്‍മാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കി ചുരുക്കാന്‍ മുന്നിട്ടിറങ്ങി ഇന്ത്യന്‍ വംശജനായ കെയര്‍ ഇംഗ്ലണ്ട് തലവന്‍ അവിനാഷ് ഗോയല്‍ രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും ചൂട് പിടിച്ചിരിക്കുന്നത്. ഗോയലിന്റെ പുതിയ പരിഷ്‌കാരത്തോട് മുഖം തിരിഞ്ഞ നിരവധി കെയറര്‍മാര്‍ 12 മണിക്കൂര്‍ ഷിഫ്റ്റ് തന്നെ വേണമെന്ന പിടിവാശിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തെ സോഷ്യല്‍ കെയര്‍ മേഖലയില്‍ ഇപ്പോഴുള്ള 12 മണിക്കൂര്‍ ഷിഫ്റ്റുകളെക്കുറിച്ച് പുനരാലോചിക്കേണ്ടിയിരിക്കുന്നുവെന്നും ജോലി സമയം എട്ട് മണിക്കൂറാക്കി കുറയ്ക്കണമെന്നും കെയര്‍ പ്രൊവൈഡര്‍മാരോട് നിര്‍ദേശിച്ചാണ് അവിനാഷ് ഗോയല്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഹാള്‍മാര്‍ക്ക് കെയര്‍ ഹോംസിന്റെ മാനേജിംഗ് ഡയറക്ടറും കെയര്‍ ഇംഗ്ലണ്ടിന്റെ ചെയറുമായ ഇദ്ദേഹത്തിന്റെ നിര്‍ദേശം മേഖലയെ വളരെയധികം സ്വാധീനിക്കാന്‍ പ്രാപ്തിയുളളതാണ്. ഇന്റിപെന്റന്റ് കെയര്‍ സര്‍വീസസിനെ പ്രതിനിധീകരിക്കുന്നതാണ് കെയര്‍ ഇംഗ്ലണ്ട്. എന്നാല്‍ 12 മണിക്കൂര്‍ ഷിഫ്റ്റ് തന്നെ വേണമെന്നാണ് കെയറര്‍മാര്‍ പിടിവാശി പുലര്‍ത്തുന്നത്.

ഇത് സംബന്ധിച്ച അഭിപ്രായ വ്യത്യാസം ഇല്ലാതാക്കുന്നതിനായി കെയര്‍ രംഗം ഏകകണ്ഠമായി നിലകൊള്ളണമെന്നാണ് ഗോയല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോഴത്തെ 12 മണിക്കൂര്‍ ഷിഫ്റ്റ് എന്നത് വളരെ നീണ്ട സമയമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് ബുധനാഴ്ച ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ഗോയല്‍ പറയുന്നത്.ദീര്‍ഘമായ മണിക്കൂറുകള്‍ ഒരു കെയറര്‍ക്ക് ഉല്‍പാദനക്ഷമമായും രോഗികളുടെ സുരക്ഷിതമായ കെയറിംഗ് ഉറപ്പ് വരുത്തുന്ന വിധത്തിലും പ്രവര്‍ത്തിക്കാനാവില്ലെന്നാണ് ഗോയല്‍ താക്കീതേകിയിരിക്കുന്നത്. 12 മണിക്കൂറിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ പോലെ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കുമാവില്ലെന്നും അതിനാല്‍ കെയറര്‍മാരുടെ പ്രവര്‍ത്തന സമയം എട്ട് മണിക്കൂറാക്കി വെട്ടിക്കുറയ്ക്കണമെന്നും ഗോയല്‍ ആവര്‍ത്തിക്കുന്നു.

താന്‍ പ്രവര്‍ത്തിച്ചിരുന്ന കെയര്‍ ഹോമില്‍ 12 മണിക്കൂര്‍ ഷിഫ്റ്റുകള്‍ റദ്ദാക്കാന്‍ താന്‍ ഏറെ പാടുപെട്ടിരുന്നുവെന്നും എന്നാല്‍ ആരും അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഗോയല്‍ പറയുന്നു.താന്‍ ഇത്തരത്തില്‍ പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവിടുത്തെ ജീവനക്കാര്‍ രാജി വയ്ക്കുകയും മൂന്ന് ദിവസം കൊണ്ട് 36 മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന മറ്റ് എംപ്ലോയര്‍മാര്‍ക്ക് കീഴില്‍ ജോലിക്ക് ചേരുകയും ചെയ്യുകയുണ്ടായെന്ന് അദ്ദേഹം പരിതപിക്കുന്നു.

ഈ വിധത്തില്‍ മണിക്കൂറുകളോളം വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്ന കെയര്‍ വര്‍ക്കര്‍മാരുടെ കാര്യക്ഷമതയും ഉല്‍പാദന ക്ഷമതയും കുറയുമെന്നും അത് രോഗികളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും കെയര്‍ ഇംഗ്ലണ്ട് ആന്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കൊണ്ട് ഗോയല്‍ മുന്നറിയിപ്പേകുന്നു.പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ 12 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കെയറര്‍മാര്‍ ഏറെയുണ്ടെന്നും ഗോയല്‍ എടുത്ത് കാട്ടുന്നു.ഷിഫ്റ്റുകളുടെ സമയം വെട്ടിക്കുറച്ചലാല്‍ തങ്ങള്‍ക്ക് ജീവനക്കാരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് അടുത്തിടെ നടന്ന മറ്റൊരു കോണ്‍ഫറന്‍സില്‍ വച്ച് കെയര്‍ പ്രൊവൈഡര്‍മാര്‍ മുന്നറിയിപ്പേകിയിരുന്നു.

Other News in this category4malayalees Recommends