ചെറുപ്പത്തില്‍ താന്‍ ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്. ആലപ്പുഴ ജില്ലാ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങിലാണ് മന്ത്രി മോഷണ കഥ വെളുപ്പെടുത്തിയത്.
വല്യമ്മാവന്റെ പുരയിടത്തില്‍ നിന്നാണ് മോഷണം നടത്തിയത്. വല്യമ്മാവന് പട്ടാളത്തീന്ന് വന്നയാളാണ്. വെളുപ്പിന് മൂന്ന് മണിക്കാണ് മോഷണം നടത്തിയത്. കുല വെട്ടി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചു. തണ്ടും മറ്റും വെട്ടി കുഴിച്ചുമൂടി. ഒരാഴ്ചക്കാലം വാഴക്കുല പുഴുങ്ങിയും പഴുപ്പിച്ചുമൊക്കെ സുഖമായി കഴിച്ചു. ആരും പിടികൂടിയില്ല. സിബിഐ അന്വേഷണവും ഉണ്ടായിട്ടില്ല- മന്ത്രി മോഷണ കഥ വിവരിച്ചു.
മന്ത്രിയുടെ മോഷണ കഥ കേട്ട് ജയില്‍ അന്തേവാസികളില്‍ കൂട്ടച്ചിരിയാണ് ഉയര്‍ന്നത്. ഇത് പോലെയുള്ള ചെറിയ കാര്യങ്ങള്‍ക്ക് അറസ്റ്റ് ഉണ്ടാകാറുണ്ട്. പാവപ്പെട്ടവരുടെ ചെറിയ കുറ്റകൃത്യങ്ങള്‍ പോലും പെട്ടെന്ന് പിടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ഒരു കുറ്റം ചെയ്തുവെന്ന് കരുതി ജീവിതകാലം മുഴുവന്‍ കുറ്റവാളിയാക്കുന്ന രീതി ഇന്ന് നമ്മുടെ നാട്ടിലില്ല. ജയിലില്‍ നിയമങ്ങള്‍ അനുസരിക്കണമെന്നും അതല്ലാതെ മറ്റെല്ലാ അവകാശവും ജയില്‍ അന്തേവാസികള്‍ക്ക് ഉണ്ടാകുമെന്നും മന്ത്രി സുധാകരന് പറഞ്ഞു.